തൃത്താലയില്‍ എസ്.ഐയെ വാഹനമിടിപ്പിച്ച കേസ്: മുഖ്യപ്രതിയുടെ സുഹൃത്ത് പിടിയില്‍; എസ്.ഐ അപകടനില തരണം ചെയ്തു
തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്.ഐയെ വാഹനമിടിച്ച് വീഴ്ത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയായ അജീഷ് ആണ് തൃശൂരില്‍ നിന്നും പിടിയിലായത്.
ഇന്നലെ പട്ടാമ്പിയില്‍നിന്നാണ് അലനെ പിടികൂടിയത്. അലന് അഭിലാഷും സുഹൃത്തും ലഹരി കൈമാറുന്ന സമയത്താണ് പൊലിസ് എത്തിയത്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായി വെട്ടിച്ചു കടന്നത്. അലന്റെ ലഹരി ഇടപാടുകള്‍ തെളിയിക്കുന്ന വിവരങ്ങള്‍ ഫോണില്‍ നിന്ന് പൊലിസിന് ലഭിച്ചു. അതേസമയം, പരുക്കേറ്റ ഗ്രേസ് എസ്.ഐ ശശികുമാര്‍ അപകടനില തരണം ചെയ്തു.
ശനി രാത്രിയാണ് അലന് എസ്.ഐ ശശികുമാറിനെ വാഹനംകൊണ്ട് ഇടിച്ചത്. തുടര്‍ന്ന് നിര്‍ത്താതെ പോവുകയായിരുന്നു. വാഹനപരിശോധനക്കിടെ രാത്രി 11നും 12നും ഇടയിലായിരുന്നു സംഭവം.
തൃത്താല വെള്ളിയാങ്കല്ല് ഭാഗത്ത് അസാധാരണമായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്ക്ക് ചെന്നതായിരുന്നു പൊലിസ് സംഘം. പരിശോധനക്കായി പൊലിസ് തടഞ്ഞ കാര്‍ അതിവേഗം പുറകോട്ട് എടുക്കുകയും, ശേഷം മുന്നോട്ട് നീങ്ങി ശശികുമാറിനെ ഇടിച്ച് വീഴ്ത്തിയ ശേഷം കാര്‍ ഓടിച്ച് പോവുകയുമായിരുന്നു. തൃത്താല എസ്.എച്ച്.ഒ ഉള്‍പ്പടെയുള്ള നാല് പേരാണ് വാഹന പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനവും ഉടമ അഭിലാഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ 19 കാരനായ മകന് അലനാണ് വാഹനമോടിച്ചത്. വാഹനത്തില്‍ നാലു യുവാക്കളാണ് ഉണ്ടായിരുന്നതെന്ന് പൊലിസ് പറയുന്നു. പ്രതികള്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി അജീഷ് ആണെന്ന് അലന് മൊഴി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."