കെട്ടിട നിയമങ്ങൾ കർശനമാക്കി കുവെെത്ത്
കുവെെത്ത് സിറ്റി: കെട്ടിട നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കുവൈത്തിലെ ബനീദ് അല്‍ ഗാറില്‍ നിരവധി പ്രവാസികളെ താമസസ്ഥലങ്ങളില്‍ നിന്ന് ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി നിശ്ചയിക്കപ്പെട്ട കെട്ടിടങ്ങളില്‍ നിയമം ലംഘിച്ച് താമസിക്കുകയായിരുന്ന ബാച്ചിലര്‍ പ്രവാസികളെയാണ് പരിശോധനയ്‌ക്കെത്തിയ സംഘം മുന്നറിയിപ്പില്ലാതെ തെരുവിലേക്കിറക്കിയത്.
താമസ ഇടങ്ങളില്‍ നിന്ന് പ്രവാസികളെ ഇറക്കിവിട്ട ശേഷം മൂന്ന് കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധംവും വിച്ഛേദിക്കുകയും ജലവിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താപനില 45 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ചുട്ടുപൊള്ളുന്ന വേനലില്‍ കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും ഒരു മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ച് താമസക്കാരെ ഇറക്കിവിട്ടതിനെതിരേ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമലംഘനങ്ങളുടെ പേരിലാണ് നടപടിയെങ്കിലും രാത്രി താമസിക്കാന്‍ ഇടം ഇല്ലാത്ത രീതിയില്‍ പ്രവാസി തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ കെട്ടിടത്തില്‍ നിന്ന് ഇറക്കിവിട്ടത് ശരിയായില്ലെന്നാണ് വിമര്‍ശകരുടെ നിലപാട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ഇതിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. നിയമ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ മനുഷ്യത്വപരവും സുതാര്യവുമായ നടപടികകള്‍ കൈക്കൊള്ളണമെന്ന് കമ്മ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇവരെ താല്‍ക്കാലിക ലേബര്‍ ഷെല്‍ട്ടര്‍ സെന്ററിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."