റഷ്യയിൽ ആരാധനാലയങ്ങൾക്കും പൊലിസ് പോസ്റ്റിനും നേരെ വെടിവെപ്പ്; 15 ലേറെ പേർ കൊല്ലപ്പെട്ടു
മോസ്‌കോ: റഷ്യയിൽ ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ നിരവധിപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റഷ്യൻ റിപ്പബ്ലിക്കായ ഡാഗെസ്താനിൽ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലിസ് പോസ്റ്റിനും നേരെയാണ് വെടിവെപ്പുണ്ടായത്. അൽ ജസീറ പുറത്തുവിട്ട കണക്കുപ്രകാരം വെടിവയ്പ്പിൽ 15 ലധികം പോലീസുകാരും ഒരു ഓർത്തഡോക്സ് പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം ഡെർബെൻ്റ്, മഖച്കല നഗരങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൻ്റെ ഫലമായി ഡെർബെൻ്റിലെ സിനഗോഗിന് തീപിടിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. പള്ളിയിൽ നിന്ന് പുക ഉയരുന്നതായി ദൃക്‌സാക്ഷികളും റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ടവരിൽ അക്രമികളും ഉണ്ടെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പബ്ലിക് ഓഫ് ഡാഗെസ്താൻ തലവൻ സെർജി മെലിക്കോവ് പറഞ്ഞു, അക്രമികളിൽ ആറ് പേരെ "ലിക്വിഡേറ്റ് ചെയ്തു". നിയമ നിർവ്വഹണ ഏജൻസികൾ പറയുന്നതനുസരിച്ച് തോക്കുധാരികൾ "ഒരു അന്താരാഷ്ട്ര തീവ്രവാദ സംഘടന"യിലെ അംഗങ്ങളാണെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റതായി റഷ്യൻ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അസ്ഥിരമായ നോർത്ത് കോക്കസസ് മേഖലയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവങ്ങൾ അരങ്ങേറുന്നതിനിടെ നാല് തോക്കുധാരികൾ വെടിയേറ്റ് മരിച്ചതായി റഷ്യൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."