ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് നീക്കമില്ലെന്ന് സ്പീക്കര്‍; അടിയന്തര പ്രമേയ നോട്ടിസ് തള്ളി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തിനെതിരായി കെ.കെ.രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് തള്ളി. പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നീക്കമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി സ്പീക്കര്‍ പറഞ്ഞു. സബ്മിഷന്‍ ആയി ഉന്നയിക്കാം എന്നും സ്പീക്കര്‍ സഭയില്‍ വ്യക്തമാക്കി.
പിന്നാലെ സ്പീക്കര്‍ എ.എന്‍. ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ തര്‍ക്കമുണ്ടായി. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം നടന്നിട്ടില്ലെന്ന് സ്പീക്കര്‍ പറഞ്ഞത് അനൗചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ട് നല്‍കിയ കത്ത് തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനു ഭയമാണെന്നും ഇളവിനുള്ള കത്ത് തെളിവാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധം പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."