98 ന്റെ നിറവിൽ സമസ്ത; സ്ഥാപക ദിനാഘോഷത്തിന് കോഴിക്കോട് തുടക്കമായി
കോഴിക്കോട്: സമസ്ത സ്ഥാപക ദിനാഘോഷത്തിന് കോഴിക്കോട് തുടക്കമായി. രാവിലെ 9 മണിക്ക് സ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം സമസ്തയെ നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്‍ മഖാം സിയാറത്തോടെയാണ് നേതൃസംഗമ പരിപാടികൾക്ക് തുടക്കമായത്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധകളുമാണ് കോഴിക്കോട് സമസ്ത അങ്കണത്തില്‍ വെച്ച് നടക്കുന്ന നേതൃസംഗമത്തിൽ പങ്കെടുക്കുന്നത്.
തെറ്റായ ആശയപ്രചരണവുമായി നവീന വാദികള്‍ രംഗപ്രവേശം ചെയ്ത സന്ദര്‍ഭത്തിലാണ് 1926 ജൂണ്‍ 26ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. ആദര്‍ശ വിശുദ്ധിയോടെ ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 100-ാം വാര്‍ഷികത്തിന് തയ്യാറെടുക്കവെയാണ് 98-ാം സ്ഥാപക ദിനം വിപുലമായി ആചരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചത്.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ വെച്ച് നടക്കുന്ന നേതൃസംഗമം പതാക ഉയർത്തലോടെയാണ് തുടക്കമായത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ. പ്രസിഡണ്ട് എം.കെ. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. സമസ്ത വൈ. പ്രസിഡണ്ട് എം.പി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകി. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നേതൃസംഗമത്തിന് അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
'സമസ്ത, പിന്നിട്ട നൂറ്റാണ്ടും നൂറാം വാര്‍ഷിക പദ്ധതികളും' എന്ന വിഷയത്തിൽ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ വിഷയാവതരണം നടത്തും. വെല്ലൂര്‍ ബാഖിയാത്തു സ്സ്വാലിഹാത്ത് പ്രിന്‍സിപ്പാള്‍ അശ്ശൈഖ് അബ്ദുല്‍ ഹമീദ് ഹസ്‌റത്ത് ഉപഹാര സമര്‍പ്പണം നടത്തും.
സമസ്ത ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈ. പ്രസിഡണ്ട് യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത്, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ നേതൃസംഗമത്തിൽ സംബന്ധിക്കുന്നു.
സമസ്ത സ്ഥാപകദിന നേതൃസംഗമം ലൈവ് ആയി കാണാം: ക്ലിക്ക് ചെയ്യൂ.... സുപ്രഭാതം യൂട്യൂബ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."