രാജ്യതലസ്ഥാനത്ത് വീണ്ടും ക്രൂരത; പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, തല അടിച്ച് തകർത്തു, പ്രതികൾ പിടിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഡൽഹി നരേല മേഖലയിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. രാഹുൽ (20), ദേവ്ദത്ത് (30) എന്നിവരാണ് പിടിയിലായത്. ഇവർ കൊല്ലപ്പെട്ട കുട്ടിയുടെ സമീപവാസികളാണ് പിടിയിലായ പ്രതികൾ.
ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തല തകർത്ത നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം കുട്ടിയെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ വസ്ത്രം നോക്കിയാണ് തിരിച്ചറിഞ്ഞത്.
സമീപത്തു താമസിക്കുന്ന ഫാക്ടറി തൊഴിലാളിയോടൊപ്പം കുട്ടിയെ കണ്ടിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാഹുലിനെ നാട്ടുകാർ തിരിച്ചറിഞ്ഞു. തുടർന്ന്, പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ രാഹുൽ കുറ്റസമ്മതം നടത്തുകയായിരുന്നു. അടുത്തുള്ള ഭക്ഷണശാലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുലിനെയും സുഹൃത്ത് ദേവ്ദത്തിനെയും പിടികൂടുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു. സംഭവത്തിൽ ഐപിസി 363 (തട്ടിക്കൊണ്ടുപോവൽ), 302 (കൊലപാതകം), 376 ഡി (കൂട്ടബലാത്സംഗം) എന്നിവയും പോക്സോയിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."