കാലിക്കറ്റ് സർവകലാശാല: ബിരുദ സീറ്റ് ലഭിക്കാതെ പുറത്താവുക 58,600 പേർ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഗവ., എയ്ഡഡ് കോളജുകളിൽ ഡിഗ്രിക്കു സീറ്റ് കിട്ടാതെ 58,600 പേർ പുറത്താകും. കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ 22,200 സീറ്റുകൾ എയ്ഡഡ് മേഖലയിലും 10,200 സീറ്റുകൾ ഗവ. കോളജുകളിലും ഉൾപ്പെടെ 32,400 സീറ്റുകൾ ആണ് ആകെയുള്ളത്.
91,000 വിദ്യാർഥികളാണ് കാലിക്കറ്റിനു കീഴിലുള്ള ആകെ ഡിഗ്രി അപേക്ഷകർ. ഇതിൽ 58,600 പേർ സീറ്റ് ലഭിക്കാതെ പുറത്താകും. സാമ്പത്തികമായി മുന്നിട്ടു നിൽക്കുന്നവർക്ക് സ്വാശ്രയ കോളജുകളിൽ ഫീസ് നൽകി ചേരാമെങ്കിലും പാവപ്പെട്ട വിദ്യാർഥികളുടെ ആശ്രയം ഗവ. എയ്ഡഡ് കോളജുകളിലെ സീറ്റുകൾ മാത്രമാണ്.
സ്വാശ്രയ കോളജുകളിൽ മെറിറ്റ് സീറ്റുകൾ ലഭിച്ചാൽ പോലും ആയിരക്കണക്കിന് രൂപ ഫീസ് നൽകിയാൽ മാത്രമേ പഠിക്കാനാകൂ. നിർധനരായ വിദ്യാർഥികൾക്ക് ഫീസ് നൽകാനുള്ള ശേഷിയില്ലാത്തതിനാൽ സ്വാശ്രയ കോളജുകളിലെ സീറ്റുകൾ എല്ലാ വർഷവും ഒഴിഞ്ഞു കിടക്കുന്നത് പതിവാണ്.
ഈ അധ്യയന വർഷം മുതൽ സ്വാശ്രയ കോളജുകളിൽ 12 ശതമാനം ഫീസ് വർധിപ്പിച്ചിട്ടുണ്ട്. സർക്കാരിന്റെ കണക്കിൽ സ്വാശ്രയ കോളജുകളിലെ സീറ്റുകളും കൂടി ഉൾപ്പെടുത്തി മലബാർ മേഖലയിൽ സീറ്റുകൾ ബാക്കിയാണെന്ന തരത്തിലാണ് പ്രചരണം നടക്കുന്നത്. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ഈ അധ്യയന വർഷം മുതൽ ഡിഗ്രി, പി.ജി കോഴ്സുകളിൽ പ്രവേശനം ഇല്ലാത്തതിനാൽ മലബാർ മേഖലയിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഡിഗ്രി ഉൾപ്പെടെയുള്ള ഉന്നത പഠനത്തിന് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകളെആശ്രയിക്കേണ്ടി വരും.
കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ 2023 -24 അധ്യയന വർഷത്തിൽ ഡിഗ്രി ചെയ്ത വിദ്യാർഥികൾ 17,808 പേരുണ്ടായിരുന്നു.
2022- 23 അധ്യയന വർഷത്തിൽ വിദൂര വിദ്യാഭ്യാസ വിഭാഗം വഴി കാലിക്കറ്റ് സർവകലാശാലക്ക് ലഭിച്ച വരുമാനം 15. 33 കോടി രൂപയായിരുന്നു. 2018-19 വർഷങ്ങളിൽ 14 വിഷയങ്ങളിലെ ഡിഗ്രി പ്രവേശനത്തിന് കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വഴി സൗകര്യം ഉണ്ടായിരുന്നു. പിന്നീട് ശ്രീ നാരായണ ഗുരു ഓപൺ സർവകലാശാല വന്നതോടെ കാലിക്കറ്റ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധസർവകലാശാലകളിലെ വിദൂരവിദ്യാഭ്യാസ വിഭാഗം അടച്ചുപൂട്ടേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."