പ്ലസ് വൺ സീറ്റെവിടെ സർക്കാറേ...: മലപ്പുറത്ത് പതിനായിരത്തോളം കുട്ടികൾ ഇനിയും പുറത്തു തന്നെ
കോഴിക്കോട്: എല്ലാം ഓകെ എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും മലബാറില്‍ പ്ലസ് വണ്‍ പ്രതിസന്ധി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന്റെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ മലപ്പുറം ജില്ലയില്‍ പത്തായിരത്തോളം വിദ്യാര്‍ഥികള്‍ ഇനിയും പുറത്തു തന്നെയാണ് മനസ്സിലാവുന്നത്.
സംസ്ഥാനത്താകെ 57,712 അപേക്ഷകരാണുള്ളത്. മലപ്പുറത്ത് 16, 881 അപേക്ഷകരുണ്ട്. പാലക്കാട് 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരും. സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വന്ന കണക്ക് നല്‍കുന്ന സൂചനയാകട്ടെ മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്നും.
16,881 അപേക്ഷകരുള്ള മലപ്പുറത്ത് 6937 സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000ത്തിലധികം സീറ്റുകളുടെ കുറവ്. പുതിയ ബാച്ചുകള്‍ അനുവദിക്കുകയാണെങ്കില്‍ തന്നെ 200ലധികം ബാച്ചുകള്‍ മലപ്പുറത്ത് മാത്രം അനുവദിക്കേണ്ടി വരും. പാലക്കാടും കോഴിക്കോടും സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നായിരുന്നു മന്ത്രിയുടെ അവകാശ വാദം. എന്നാല്‍ ഇവിടെയും സ്ഥിതി മറിച്ചല്ല. പാലക്കാട് 8,139 പേരാണ് സീറ്റിനപേക്ഷിച്ചിട്ടുള്ളത്. എന്നാല്‍ 3712 സീറ്റുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. കോഴിക്കോട്ടാകട്ടെ 7,192 അപേക്ഷകര്‍ക്കായി 4888 സീറ്റുകളും.
തെക്കന്‍ ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് മലബാറില്‍ സീറ്റ് പ്രതിസന്ധി രൂക്ഷമാകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പത്തനംതിട്ടയില്‍ 2609 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 478 സീറ്റുകളിലേക്കേ ഇവിടെ സപ്ലിമെന്ററി അപേക്ഷകരുള്ളൂ.
നിയമസഭ നടക്കുന്ന പശ്ചാത്തലത്തില്‍ കണക്കുകള്‍ സഭയ്ക്ക് മുന്നിലും അവതരിപ്പിക്കപ്പെടും എന്നതിനാല്‍ സര്‍ക്കാര്‍ എത്ര സീറ്റുകളാണ് അനുവദിക്കുക എന്നത് നിര്‍ണായകമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."