വിദ്യാർഥികൾ പടിക്ക് പുറത്തുതന്നെ; മലബാറിൽ വേണ്ടത് 300 ലേറെ അധിക ബാച്ചുകൾ, മലപ്പുറത്ത് 9791 വിദ്യാർഥികൾക്ക് ബാക്കിയുള്ളത് 89 സീറ്റ് മാത്രം
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി പ്രവേശനം അവസാനിച്ചപ്പോൾ മലപ്പുറത്ത് മാത്രം അഡ്മിഷൻ ലഭിക്കാതെ നിൽക്കുന്നത് പതിനായിരത്തോളം കുട്ടികൾ. മലബാർ മേഖലയിൽ ആകെ 17,628 വിദ്യാർഥികളാണ് ഇനിയും പ്രവേശനം ലഭിക്കാതെ വലയുന്നത്. ഈ പ്രതിസന്ധി മറികടക്കണമെങ്കിൽ 300 ലേറെ അധിക ബാച്ചുകൾ കൊണ്ടുവരേണ്ടി വരും.
മലപ്പുറം ജില്ലയിൽ മാത്രം 9791 വിദ്യാർഥികളാണ് സീറ്റ് കിട്ടാതെ പുറത്ത് നിലക്കുന്നത്. ഇവർക്ക് പ്ലസ് വൺ പ്രവേശനം നൽകാൻ ആകെ 195 ബാച്ചുകൾ അധികമായി വേണ്ടിവരും. ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷമുള്ള കണക്ക് പ്രകാരമാണ് ഇത്രയും പുതിയ ബാച്ചുകൾ മലപ്പുറം ജില്ലയിൽ ആവശ്യമായി വരിക. ആകെ 89 സീറ്റ് മാത്രമാണ് ഇനി ജില്ലയിൽ ബാക്കിയുള്ളത്. ഇതിലേക്കാണ് 9791 വിദ്യാർഥികൾ കാത്തിരിക്കുന്നത്.
മലപ്പുറത്തിന് പിന്നാലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന പലാക്കാട് ജില്ലയിൽ 4383 സീറ്റിന്റ കുറവാണുള്ളത്. പ്രതിസന്ധി മറികടക്കാൻ ജില്ലയിൽ 87 ബാച്ചുകൾ വേണം. കോഴിക്കോട് ജില്ലയിലെ മുഴുവൻ കുട്ടികൾക്കും പ്രവേശനം നേടാൻ 45 അധിക ബാച്ചുകൾ വേണ്ടിവരും.
അതേസമയം, അധിക ബാച്ചുകൾ ഇന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചേക്കും. എന്നാൽ എത്ര അധിക ബാച്ചുകൾ പ്രഖ്യാപിക്കുമെന്ന് കാര്യത്തിൽ വ്യക്തതയില്ല. മന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. എന്നാൽ ഇന്നത്തെ പ്രഖ്യാപനത്തിൽ പാലക്കാട്, കോഴിക്കോട് ജില്ലകൾ ഇടംപിടിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."