കൂട്ടുകെട്ടഴിഞ്ഞ് ബി.ജെ.പി, സഖ്യശ്രമങ്ങള്‍ പാളുന്നു, പഞ്ചാബിലും ഒഡിഷയിലും സഖ്യമില്ല, കര്‍ണാടകത്തില്‍ ഉടക്ക്, ബിഹാറില്‍ പാളയത്തില്‍ പട
400 ലക്ഷ്യമിട്ടിറങ്ങിയിട്ട് അതിലേക്കുള്ള വഴിയൊരുക്കാന്‍ പഠിച്ച പതിനെട്ടും അതിനൊടുവില്‍ പത്തൊമ്പതും പുറത്തെടുത്തിട്ടുമങ്ങ് ശരിയാവാത്ത അവസ്ഥയാണ് ഭരണപ്പാര്‍ട്ടി ബി.ജെ.പിയുടേത്. പല സംസ്ഥാനങ്ങളിലും പാളയത്തില്‍ പടയാണ്. സഖ്യ രൂപീകരണ ശ്രമങ്ങള്‍ പാളുന്നു. അനുനയനശ്രമങ്ങള്‍ ഏശുന്നില്ല. അടിയും ഇടിയും വേറെ.
ഒഡിഷയില്‍ സഖ്യശ്രമം പൊളിഞ്ഞിരിക്കുകയാണ്. സംസ്ഥാന ഭരണകക്ഷിയായ ബിജു ജനതാദളും ബി.ജെ.പിയും വെവ്വേറെയാണ് മത്സരം. സഖ്യം എന്ന സ്വപ്‌നവുമായി മത്സരിക്കാനിറങ്ങിയ ബി.ജെ.പിക്ക് തിരിച്ചടിയാണിത്. ബി.ജെ.പിക്കൊപ്പം കൂടുന്നത് തങ്ങള്‍ക്ക് നല്ലതിനാവില്ലെന്നാണ് നവീന്‍ പട്‌നായികിന്റെ പാര്‍ട്ടി വിലയിരുത്തല്‍. കേന്ദ്രത്തില്‍ പുറംപിന്തുണ നല്‍കുന്നതു പോലെയല്ല, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതേസമയം, രണ്ടായി മത്സരിച്ചാലും വീണ്ടും ഭരണം കിട്ടിയാല്‍ ബി.ജെ.ഡി പാര്‍ലമെന്റില്‍ കൈയയച്ചു സഹായിക്കുമെന്ന പ്രതീക്ഷ ബി.ജ.പി കൈവിട്ടിട്ടില്ല.
ഇങ്ങ് പഞ്ചാബിലാവട്ടെ, അമ്പിനും വില്ലിനും അടുക്കുന്നില്ല പഴയ സഖ്യകക്ഷി ശിരോമണി അകാലിദള്‍. കര്‍ഷക സമരത്തിന്റെ പ്രഭവകേന്ദ്രമായ സ്ഥലത്ത്, കര്‍ഷകവിരുദ്ധരെന്ന ലേബലുള്ള ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ തങ്ങള്‍ക്ക് കിട്ടാനുള്ളതും ചോരുമെന്ന് അവര്‍ ഭയക്കുന്നു. ഫലമോ ഒട്ടും സ്വാധീനമില്ലാത്ത പഞ്ചാബില്‍ ഇക്കുറി ബി.ജെ.പിയുടെ പോരാട്ടം ഒറ്റക്ക്.
ബിഹാറിലാവട്ടെ, എന്‍.ഡി. പാളയത്തില്‍ പന്തം കൊളുത്തി പടയാണ്. ബി.ജെ.പിയുടെ വല്യേട്ടന്‍ ഭരണം അവര്‍ക്കു തന്നെ വിനയായെന്നും പറയാം. ബി.ജെ.പിയുടെ അധികാരച്ചിന് കീഴില്‍ എലിയായ ജെ.ഡി.യുവിനെ സഹിക്കാന്‍ പക്ഷേ ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി തയ്യാറായില്ല. ഒടുക്കം സീറ്റ് പങ്കിട്ടെടുത്തപ്പോള്‍ പുറത്തായ പശുപതികുമാര്‍ പരസ് സ്വന്തം പാര്‍ട്ടിയായ ആര്‍.എല്‍.ജെ.പിയുമായി എന്‍.ഡി.എയില്‍നിന്ന് പുറത്തുകടന്നു. രാംവിലാസ് പാസ്വാന്റെ അനുജനാണ് പരസ്.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിങ്ങിന് ഭാരതരത്‌നം കൊടുത്തത് ഹരിയാനയിലെയും യു.പിയിലെയും കര്‍ഷക പാര്‍ട്ടികളെ ഉന്നമിട്ടാണ്. എന്നാല്‍, യു.പിയിലെ ആര്‍.എല്‍.ഡിയും നേതാവ് ജയന്ത് ചൗധരിയും ബി.ജെ.പി സഖ്യം വലിയ നേട്ടമായി കാണുന്നില്ല. ഹരിയാനയിലാകട്ടെ, ജെ.ജെ.പിയെ പിളര്‍ത്തിയും ഒതുക്കിയും മുഖ്യമന്ത്രിമാറ്റം നടപ്പാക്കിയുമാണ് ബി.ജെ.പി മുന്നോട്ടുനീങ്ങിയത്. ഒതുക്കപ്പെട്ട ദുഷ്യന്ത് ചൗതാല പക്ഷേ ബി.ജെ.പിയെ വെറുതെവിടില്ലെന്ന നിലപാടിലാണ്.
മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ കൂടെയാണ് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ. എന്നാല്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കുവേണ്ടി എന്‍.ഡി.എ സഖ്യത്തിന്റെ വാതില്‍ ബി.ജെ.പി തുറന്നത് ഷിന്‍ഡെ പക്ഷത്തിന് പിടിച്ചിട്ടില്ല.
ഡല്‍ഹിയില്‍ ആറു സിറ്റിങ് എം.പിമാരെ മാറ്റേണ്ടിവന്നതടക്കം ബി.ജെ.പിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അതു വേറെ. 100ല്‍പരം സിറ്റിങ് എം.പിമാരെയാണ് ബി.ജെ.പി മാറ്റുന്നത്.
ഇനി ഇങ്ങ് തെക്കോട്ട് വന്നാലോ. കര്‍ണാടകയില്‍ നഷ്ടപ്പെട്ട തങ്ങളുടെ രാഷ്ട്രീയമണ്ണ് തിരികെയെടുക്കാനാണ് ബി.ജെ.പിയും ജെ.ഡി.എസും ധാരണയിലെത്തിയത്. കാല്‍ചുവട്ടിലെ അവശേഷിക്കുന്ന മണ്ണ് പിടിച്ചുനിര്‍ത്തുക എന്നതാണ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ.ഡി.എസിന്റെ ലക്ഷ്യം. അതിനുവേണ്ടി ഇതിനകം ഏറെ നഷ്ടങ്ങള്‍ കുമാരസ്വാമിക്കും കൂട്ടര്‍ക്കും സഹിക്കേണ്ടിയും വന്നു. ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നതിന്റെ പേരില്‍ സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹിം ഉള്‍പ്പെടെ ഒട്ടേറെ പാര്‍ട്ടി നേതാക്കള്‍ കളത്തിന് പുറത്തുപോയി. ബി.ജെ.പിയോട് ചേരില്ലെന്ന് പ്രഖ്യാപിച്ച് മണ്ഡ്യ, മൈസൂര്‍, ഹാസന്‍, ചിക്മംഗളൂരു തുടങ്ങിയ ജില്ലകളിലെ നൂറുകണക്കിന് നേതാക്കളും അണികളും പാര്‍ട്ടിവിട്ടു. എന്നിട്ടും സഖ്യത്തിനായി കുമാരസ്വാമി ഡല്‍ഹിക്ക് പോയത് പാര്‍ട്ടിക്ക് മേല്‍വിലാസം നഷ്ടപ്പെടാതിരിക്കാനാണ്.
അധികാരം നഷ്ടപ്പെട്ടതിനു ശേഷം ബി.ജെ.പിയും ബഹുമുഖ പ്രതിസന്ധികളെയാണ് നേരിടുന്നത്. അഞ്ചിന ഗ്യാരന്‍ഡിയും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ടുപോകുന്ന സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു ഭാഗത്ത്. പാര്‍ട്ടിയിലാവട്ടെ യദ്യൂരപ്പ വിഭാഗത്തിന്റെ അപ്രമാദിത്വം സഹിക്കാതെ കലാപക്കൊടിയുയര്‍ത്തി നില്‍ക്കുന്ന ഈശ്വരപ്പയും സദാനന്ദ ഗൗഡയും ബി.എല്‍ സന്തോഷും സി.ടി രവിയും മറുഭാഗത്ത്. മകനെ പാര്‍ട്ടി പ്രസിഡന്റാക്കിയും ഉറ്റ അനുയായി ആര്‍. അശോകയെ പ്രതിപക്ഷ നേതാവാക്കിയും പാര്‍ട്ടി സമ്പൂര്‍ണമായി തന്റെ വരുതിയിലാക്കിയെങ്കിലും താഴെ തട്ടിലെ ചോര്‍ച്ച യദ്യുരപ്പയെ ആശങ്കപ്പെടുത്തുന്നുണ്ട്. പാര്‍ട്ടി നേതാക്കളടക്കം കോണ്‍ഗ്രസില്‍ ചേരുന്നത് ബി.ജെ.പിയുടെ സാധ്യതയ്ക്ക് തിരിച്ചടിയാകുമെന്ന് യദ്യൂരപ്പയ്ക്കറിയാം.
അതുകൊണ്ടാണ് ജെ.ഡി.എസുമായി ധാരണയുണ്ടാക്കി വോട്ട് വികേന്ദ്രീകരണം ഒഴിവാക്കാനും കോണ്‍ഗ്രസിന് വെല്ലുവിളിയുയര്‍ത്താനും ബി.ജെ.പി തീരുമാനിച്ചത്. ഒന്നിച്ചുചേരുന്നത് ഒട്ടും ശരിയല്ലെന്ന് ഇരുപാര്‍ട്ടികളിലെ ബഹുഭൂരിപക്ഷം ആവശ്യപ്പെട്ടിട്ടും സഖ്യമാകാന്‍ ബി.ജെ.പിയും ജെ.ഡി.എസും തീരുമാനിച്ചു. എന്നാല്‍, സഖ്യ തീരുമാനം പാര്‍ട്ടി നേതാക്കളും അണികളും ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തിലും കര്‍ണാടകയില്‍ കാണാന്‍ കഴിയുന്നത്. ജെ.ഡി.എസ് സ്വാധീന മേഖലകളില്‍ ബി.ജെ.പി നേതാക്കളെ ഉള്‍ക്കൊള്ളാന്‍ അവര്‍ തയാറാകുന്നില്ല. ബി.ജെ.പിയും തിരിച്ച് അതേ പാതയിലാണ്.
മണ്ഡ്യയിലെ സീറ്റ് വിവാദം ഇരു പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ അകല്‍ച്ചയാണുണ്ടാക്കിയത്. തുടക്കം മുതല്‍ ജെ.ഡി.എസ് അവകാശവാദം ഉന്നയിച്ച സീറ്റില്‍ സിറ്റിങ് എം.പി സുമലതയെ ഒഴിവാക്കാനാകില്ലെന്ന നിലപാടാണ് മണ്ഡലത്തിലെ നേതാക്കള്‍ സ്വീകരിച്ചത്. ഇതിനെതിരേ ജെ.ഡി.എസ് അണികള്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഒടുവില്‍ സുമലതയെ തഴഞ്ഞ് സീറ്റ് ജെ.ഡി.എസിന് ഉറപ്പിച്ചെങ്കിലും ഇരു പാര്‍ട്ടികളുടെയും മണ്ഡലം തലത്തിലെ നേതാക്കള്‍ യോജിപ്പിലെത്തിയിട്ടില്ല.
സമാനമായ സംഭവങ്ങളാണ് കോലാറിലും അരങ്ങേറുന്നത്. സിറ്റിങ് സീറ്റ് ജെ.ഡി.എസിന് വിട്ടുനല്‍കിയതില്‍ ബി.ജെ.പി അണികള്‍ വലിയ പ്രതിഷേധത്തിലാണ്. ഇരു പാര്‍ട്ടികളുടെയും സംയുക്ത യോഗം വിളിച്ചുചേര്‍ക്കാന്‍ പോലും നേതൃത്വത്തിന് കഴിയുന്നില്ല. ജെ.ഡി.എസ് സ്ഥാനാര്‍ഥി വന്നാല്‍ സ്വീകരിക്കാന്‍ തങ്ങളുണ്ടാവില്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ പരസ്യമായി പറഞ്ഞത്. ഹാസനിലെ ബി.ജെ.പി നേതാക്കളും ജെ.ഡി.എസുമായി രസത്തിലല്ല. ചിക്മംഗളൂരു, ശിവമൊഗ്ഗ, ബെലഗാവി, തുമക്കൂരു, ചാമരാജ് നഗര്‍ തുടങ്ങിയ മേഖലകളിലും ബി.ജെ.പിജെ.ഡി.എസ് അണികള്‍ പരസ്പരം ചേരാത്തവിധത്തിലാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്നാണ് ബി.ജെ.പി, ജെ.ഡി.എസ് നേതൃത്വം പറയുന്നത്.
കര്‍ണാടകയിലെ തുമക്കൂരുവില്‍ എന്‍.ഡി.എ സഖ്യകക്ഷികളുടെ സംയുക്ത യോഗത്തില്‍ കൈയാങ്കളിയും നടന്നു. തുമക്കൂരു മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥി വി.സോമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിച്ച കണ്‍വന്‍ഷനിലാണ് ബി.ജെ.പിജെ.ഡി.എസ് പ്രവര്‍ത്തകരും നേതാക്കളും ഏറ്റുമുട്ടിയത്. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ വേറിട്ട വഴിയിലാണ്.
ആന്ധ്രപ്രദേശില്‍ ടി.ഡി.പിയും ജനസേന പാര്‍ട്ടിയുമായി കൈകോര്‍ത്തത് ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ പുറംപിന്തുണ നല്‍കിപ്പോന്ന മുഖ്യമന്ത്രി ജഗന്‍ മോഹനും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കും ദഹിച്ചിട്ടില്ല. ടി.ഡി.പിയാകട്ടെ, മെലിഞ്ഞൊട്ടിയ പാര്‍ട്ടിയാണിന്ന്. ഏതായാലും സഖ്യങ്ങള്‍ രൂപപ്പെടുത്താനുള്ള ബി.ജെ.പി ശ്രമം ക്ലച്ച് പിടിക്കാതെ ലക്ഷ്യം തെറ്റിയനിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."