കിര്‍ഗിസ്ഥാനിലെ ചൈനീസ് എംബസിക്ക് നേരെ ചാവേര്‍ആക്രമണം
ബിഷ്‌കെക്: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലെ ചൈനീസ് എംബസിക്കടുത്തുണ്ടായ സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടു. മൂന്നു എംബസി ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെല്ലാം കിര്‍ഗ് പൗരന്മാരാണെന്ന് ഉപ പ്രധാനമന്ത്രി സെനിഷ് റസാകോവ് പറഞ്ഞു. കിര്‍ഗിസ്ഥാന്‍ സ്വാതന്ത്ര്യദിനത്തിന്റെ തലേന്നാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പ്രകോപനപരമായ ആക്രമണമാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.
കിര്‍ഗിസ്ഥാനിലെ ചൈനീസ് പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ചൈന കിര്‍ഗിസ്ഥാനോട് ആവശ്യപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അന്വേഷണത്തിലൂടെ കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ചൈന പറഞ്ഞു. ഗേറ്റ് തകര്‍ത്ത് അകത്തുകയറിയ കാര്‍ എംബസി വളപ്പില്‍ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അംബാസിഡറുടെ വീടിനടുത്താണ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് റസാകോവ് പറഞ്ഞു. പരുക്കേറ്റവരില്‍ രണ്ടു പേര്‍ എംബസി തോട്ടക്കാരാണ്. പരുക്കേറ്റ മറ്റൊരു സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് ചൈനീസ് എംബസിയിലെയും തൊട്ടടുത്തുള്ള അമേരിക്കന്‍ എംബസിയിലെയും മുഴുവന്‍ പേരെയും ഒഴിപ്പിച്ചു. കിര്‍ഗിസ്ഥാനില്‍ നിന്ന് 500 പേര്‍ ഐ.എസില്‍ ചേര്‍ന്നതായാണ് സംശയിക്കുന്നത്. കഴിഞ്ഞ ജൂണില്‍ തുര്‍ക്കിയിലെ ഇസ്്താംബൂള്‍ അത്താതുര്‍ക്ക് വിമാനത്താവളത്തിലെ ചാവേര്‍ ആക്രമണത്തിലെ മൂന്നു പ്രതികളില്‍ ഒരാള്‍ കിര്‍ഗിസ്ഥാന്‍ പൗരനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."