ഒരു ജഴ്‌സി അവനെ കാത്തിരിപ്പുണ്ട് അങ്ങ് സുബര്‍ക്കത്തില്‍; നാടിന്റെ നൊമ്പരമായി 14കാരന്‍
മലപ്പുറം: മാന്ത്രികമായ ചുവടുകളുമായി അതിതീവ്രമായ ആവേശത്തോടെ കളി മൈതാനങ്ങളില്‍ അവന്റെ ബൂട്ടുകള്‍ ഇനി പതിയില്ല. നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളേയും വിഫലമാക്കി അവന്‍ യാത്രയായി. കേരളത്തിലെ നിപ ബാധിത മരണങ്ങളില്‍ 21ാമനെന്ന ജഴ്‌സിയണിഞ്ഞ്. ഇനിയവന്‍ സ്വര്‍ഗപ്പൂങ്കാവനത്തില്‍ പന്തു തട്ടി കളിക്കട്ടെ.
രോഗബാധ അറിഞ്ഞതു മുതല്‍ കേരളം മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. അവന്‍ ജീവിതത്തിലേക്ക് തിരിച്ചു വരണേ എന്ന്. ഇന്ന് (ഞായറാഴ്ച) രാവിലേയും വന്ന റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷ കൈവിടാത്ത രീതിയിലുള്ളതായിരുന്നു. സമയം കഴിഞ്ഞിട്ടും അവന് രോഗചികിത്സക്കാവശ്യമായ മോണോക്ലോണല്‍ ആന്റി ബോഡി നല്‍കാമെന്ന് തീരുമാനിച്ചതായിരുന്നു. തിരിച്ചുവരാന്‍ അത് കാരണമായെങ്കിലോ എന്നൊരു പ്രതീക്ഷയില്‍. ചെയ്യാവുന്നതെല്ലാം ചെയ്തതാണ് മെഡിക്കല്‍ സംഘം. എന്നാല്‍ ഫലമുണ്ടായില്ല. അവന് വേണ്ടി വരുത്തിച്ച ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും എത്തിയപ്പോളേകും അവന്‍ യാത്രയായി.
ഫുട്‌ബോളിനെ പ്രണയിച്ചവന്‍. വലിയൊരു കളിക്കാരനാവുന്നത് കിനാവു കണ്ടവന്‍. ചെമ്പ്രശ്ശേരി സി.എഫ്.എ ഫുട്‌ബോള്‍ അക്കാദമിയിലെ മിടുക്കനായ കളിക്കാരില്‍ ഒരുവന്‍. കോച്ചിങ് സമയത്തെ അവന്റെ ഒരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇനി ആ വൈറസ് അവനിലേക്കെത്തിയതിന്റെ വഴികളാണ് വിദഗ്ധ സംഘം അന്വേഷിക്കുന്നത്. അവന് പിറകെ ഇനി ഒരാളേയും നഷ്ടപ്പെടാതിരിക്കാനുള്ള കഠിന യജ്ഞത്തിലുമാണ് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം. നമുക്കത് സാധിക്കും. ഇതിലും ഭീകരമായി നിപ വന്നപ്പോഴും ജാഗ്രതയോടെ പിടിച്ചു കെട്ടിയവരാണ് നമ്മള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."