ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി പിന്മാറി; പിന്മാറ്റം കാരണം വ്യക്തമാക്കാതെ
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ ഗൂഢാലോചനാക്കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി അമിത് ഷര്‍മ പിന്മാറി. പിന്മാറാനുള്ള കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല. ജസ്റ്റിസ് പ്രതിഭ എം സിങ് അമിത് ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കേണ്ടിയിരുന്നത്. ജാമ്യം നല്‍കാന്‍ വിസമ്മതിച്ച വിചാരണകോടതിയുടെ സമീപകാല ഉത്തരവിനെതിരെയായിരുന്നു ഹരജി. മറ്റൊരു ബെഞ്ച് ജൂലൈ 24ന് ഹരജി വീണ്ടും പരിഗണിക്കും.
സ്ഥിരം ജാമ്യം തേടിയുള്ള ഉമര്‍ ഖാലിദിന്റെ ആദ്യ ഹരജി 2022 മാര്‍ച്ചിലാണ് സമര്‍പ്പിച്ചത്. ഇത് വിചാരണ കോടതി തള്ളി. മെയ് 28ന് രണ്ടാമത്തെ ജാമ്യാപേക്ഷയും വിചാരണകോടതി തള്ളി. സുപ്രിം കോടതിയില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചതിന് പിന്നാലെയാണ് ഉമര്‍ ഖാലിദ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 2022 ഒക്ടോബറില്‍ തനിക്ക് ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈകോടതിയുടെ തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു.
ഡല്‍ഹി വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രാജ്യതലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ആരോപണം. അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ് അദ്ദേഹം.
യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.അതിനിടെ, 2022 ഡിസംബറില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ഒരാഴ്ചത്തേക്ക് ഇടക്കാല ജാമ്യം ഉമര്‍ ഖാലിദിന് അനുവദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."