അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും; തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനമുണ്ടായേക്കും
കോഴിക്കോട്/ അങ്കോള: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്തുന്നതിനായി ഗംഗാവലി പുഴയിൽ കൂടുതൽ പോയിന്റുകളിൽ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും ഇന്നും തിരച്ചിൽ നടത്തും. തിരച്ചിൽ 12 ദിവസം പിന്നിട്ട സാഹചര്യത്തിൽ അർജുനായുള്ള തിരച്ചിൽ തുടരുന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനമെടുക്കാൻ സാധ്യത. ദൗത്യത്തിൻറെ പുരോഗതി സംബന്ധിച്ച് ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിനോട് അനുബന്ധിച്ച് ആകും തിരച്ചിൽ തുടരണമോ എന്ന തീരുമാനം ഉണ്ടാവുക. എന്നാൽ അർജുനെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരണമെന്നാണ് കേരളത്തിന്റെ നിലപാട്.
ട്രക്ക് ഗംഗാവലി പുഴയുടെ അടിത്തട്ടിലെ ചെളിയിൽ പുതഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ. നേവിയുടെ സാന്നിധ്യത്തിൽ കുന്ദാപുരയിലെ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ഇന്നലെ പുഴയിൽ തിരച്ചിൽ നടത്തിയത്. പ്രാദേശിക മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘമായിരുന്നു മൽപെയുടേത്. ഏറെ പ്രതീക്ഷയോടെ സംഘം തിരച്ചിലിനിറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താനോ അതിനുള്ളിൽ പരിശോധന നടത്താനോ സാധിച്ചിട്ടില്ല.
ഐബോഡ് പരിശോധനയിൽ ലഭിച്ച നാലാം സിഗ്നലാണ് ലോറിയുടേതെന്ന് ഉത്തര കന്നഡ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽനിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയുടെ കാബിൻ ഭാഗികമായി തകർന്ന നിലയിലാണെന്നും മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും കലക്ടർ പറഞ്ഞു.
12 ാം ദിവസമായ ഇന്നലെ മൽപെയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ചെളി മാത്രമാണ് കണ്ടെത്താൻ സാധിച്ചതെന്ന് കാർവാർ എം.എൽ.എ സതീഷ് സെയിൽ അറിയിച്ചു. അടിയൊഴുക്ക് ഇന്നലെയും അതിശക്തമായിരുന്നു. അതിനാൽ പ്രതീക്ഷിച്ച രീതിയിൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിട്ടില്ല. ഇന്നും തിരച്ചിൽ തുടരുമെന്നും എം.എൽ.എ അറിയിച്ചു.
പുഴയുടെ മധ്യത്തിലായി രൂപപ്പെട്ട മൺതിട്ടയിൽനിന്നാണ് നാവിക സേനക്കൊപ്പം മൽപെ ഇറങ്ങിയത്. ആദ്യ രണ്ടുതവണകളിലായി നദിയിലിറങ്ങിയെങ്കിലും ഒന്നും കാണാൻ സാധിക്കാത്തതിനെ തുടർന്ന് തിരിച്ചു കയറി. മൂന്നാംതവണയും ആഴങ്ങളിലേക്കിറങ്ങിയ മൽപെയെ ബന്ധിപ്പിച്ച വടംപൊട്ടി. ശക്തമായ ഒഴുക്കിൽ മൽപെ നൂറുമീറ്ററോളം ഒഴുകിപ്പോയി. നാവികസേനയുടെ ദൗത്യസംഘം ഉടൻ അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് രണ്ടു തവണ കൂടി അദ്ദേഹം പുഴയിലിറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താൻ സാധിച്ചില്ല. തിരച്ചിൽ നിർത്തില്ലെന്നും ഇക്കാര്യം കലക്ടറോടും നേവിയുടെയും പറഞ്ഞിട്ടുണ്ടെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. ഫ്ളോട്ടിങ് പ്ലാറ്റ്ഫോം രാജസ്ഥാനിൽനിന്ന് എത്തിക്കുമെന്ന് കലക്ടർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."