അബൂദബിയില്‍ പുതിയ പേ പാര്‍ക്കിങ് ഇടങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍
അബൂദബി: അബൂദബിയിലെ ഖലീഫ കൊമേഴ്‌സ്യല്‍ ഡിസ്ട്രിക്റ്റ്, ഖലീഫ സിറ്റിയിലെ ഇത്തിഹാദ് പ്ലാസ എന്നീ രണ്ട് മേഖലകളില്‍ പണമടച്ചുള്ള പാര്‍ക്കിങ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. ഈ പ്രദേശങ്ങളിലെ മൂന്ന് സെക്ടറുകളില്‍ (എസ്.ഡബ്ല്യു2, എസ്.ഇ45, എസ്.ഇ48) ആണ് നാളെ മുതല്‍ പേ പാര്‍ക്കിങ്ങാകുന്നത്. അല്‍ മഅ്‌റിഫ് സ്ട്രീറ്റിലെ ഇത്തിഹാദ് എയര്‍വേസിന്റെ ആസ്ഥാന പരിസരത്താണ് സെക്ടര്‍ എസ്.ഇ48 സ്ഥിതി ചെയ്യുന്നത്. അവിടെ 694 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.
അതില്‍ 3 എണ്ണം ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്നു. അല്‍ മഅ്‌രിഫ് സ്ട്രീറ്റിനും അല്‍ ഇബ്തിസാമ സ്ട്രീറ്റിനുമിടയിലുള്ള ഇത്തിഹാദ് പ്ലാസയിലാണ് സെക്ടര്‍ എസ്.ഇ45 സ്ഥിതി ചെയ്യുന്നത്. അതില്‍ 1,283 പാര്‍ക്കിങ് സ്ഥലങ്ങളുണ്ട്. 17 എണ്ണം ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്.
പടിഞ്ഞാറ് അല്‍ മര്‍മൂഖ് സ്ട്രീറ്റിനും കിഴക്ക് അല്‍ ഖലായിദ് സ്ട്രീറ്റിനുമിടയിലാണ് സെക്ടര്‍ എസ്.ഡബഌു2 സ്ഥിതി ചെയ്യുന്നത്. വടക്ക് തിയാബ് ബിന്‍ ഈസ സ്ട്രീറ്റും തെക്ക് അല്‍ മുറാഹിബീന്‍ സ്ട്രീറ്റും അതിര്‍ത്തി പങ്കിടുന്നു. അതില്‍ 523 പാര്‍ക്കിംഗ് സ്ഥലങ്ങളുള്ളതില്‍ 17 എണ്ണം ഭിന്നശേഷിക്കാര്‍ക്ക് മാറ്റിവച്ചിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് മവാഖിഫ് സേവനം സജീവമാക്കുമെന്ന് അബൂദബി മൊബിലിറ്റി (എ.ഡി മൊബിലിറ്റി) അധികൃതര്‍ എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അനധികൃത പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ കുറയ്ക്കാനും സുരക്ഷ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പാര്‍ക്കിങ് ഏരിയകള്‍ ഏര്‍പ്പെടുത്തിയത്.
മാറ്റമുള്ള പുതിയ മേഖലകളിലെ വ്യക്തികളെയും ബിസിനസുകാരെയും അറിയിക്കാനുള്ള ശ്രമത്തില്‍ പൊതു പാര്‍ക്കിങ് സംവിധാനത്തെ കുറിച്ച് വിശദീകരിക്കുന്ന ബ്രോഷറുകള്‍ അതോറിറ്റി വിതരണം ചെയ്യുന്നുണ്ട്. എ.ഡി മൊബിലിറ്റിക്ക് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമായ മവാഖിഫ് എമിറേറ്റിലെ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
മവാഖിഫിന് കീഴിലുള്ള രണ്ട് പുതിയ മേഖലകളുടെ നിരക്കുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇനിയും അറിയാനിരിക്കുകയാണെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. പൊതുവെ മവാഖിഫ് പാര്‍ക്കിങ് സോണുകള്‍ രണ്ട് തരത്തിലാണുള്ളത് പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ്.
പ്രീമിയത്തിന് കീഴില്‍ (വെള്ളയും നീലയും ചിഹ്നങ്ങള്‍) രാവിലെ 8 മുതല്‍ 12 വരെ പരമാവധി നാല് മണിക്കൂര്‍ വരെ മണിക്കൂറിന് 3 ദിര്‍ഹം നിരക്കില്‍ ഫീസ് ഈടാക്കും. സ്റ്റാന്‍ഡേര്‍ഡ് (കറുപ്പും നീലയും) മണിക്കൂറിന് 2 ദിര്‍ഹം അല്ലെങ്കില്‍ 24 മണിക്കൂറിന് 15 ദിര്‍ഹം നിരക്കാണ് ഈടാക്കുന്നത്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ഇത് സൗജന്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."