'ന്റെ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചിരുന്നു, മലവെള്ളം അവനെ വേര്‍പെടുത്തി കൊണ്ടുപോയി..ഉപ്പ ഉമ്മ എല്ലാരും പോയി ഞാന്‍ ഒറ്റക്കായി' തീരാ നോവായി വയനാട്
'ഭയങ്കരമായ ശബ്ദം കേട്ടു. അത് അടുത്തേക്ക് വന്നു. അപ്പോഴൊക്കെ ഞാന്‍ കരുതിയത് ഷീറ്റ് കാറ്റില്‍ പറക്കുകയോ മറ്റോ ആണെന്നാണ്. പിന്നെ ആ ശബ്ദം ആര്‍ത്തലച്ച് കൂടിക്കൂടി വന്നു. അപ്പോ ഞാന്‍ ന്റെ കുട്ടിനെ ചേര്‍ത്തു പിടിച്ച് ചരിഞ്ഞ് കിടന്നു. അപ്പോഴേക്കും ചുമരൊക്കെ ഒന്നായി ദേഹത്തേക്ക് വീണു. ന്റെ കുട്ടീം ഞാനും ബാക്കിലേക്ക് പോയി. തലയടിച്ചു' ജീവിതത്തില്‍ ഇനിയൊരിക്കലും മറക്കാന്‍ കഴിയാത്ത നോവിനെ ഓര്‍ത്തെടുക്കുകയാണ് വയനാട്ടിലെ ആശുപത്രിക്കിടക്കയില്‍ നിന്നും ഒരു യുവതി.
'ആദ്യം ഉപ്പയും ഉമ്മയും പോയി. പിറകില്‍ ഞാനും മോനും. കുറേ താഴേക്ക് ഒലിച്ചു പോയി. അതിനിടക്ക് എപ്പോഴോ ന്റെ കുട്ടിടെ കൈവിട്ടു. കുറേ കഴിഞ്ഞപ്പോള്‍ എനിക്കൊരു കമ്പി പിടിക്കാന്‍ കിട്ടി. അതില്‍ തൂങ്ങി നിന്നു. പതിയെ എങ്ങിനെയൊക്കെയോ നടന്നു വന്നു. ആരോ എന്നെ ഇവിടെ എത്തിച്ചു- ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ല അവര്‍ക്ക്. തീര്‍ത്തും നിസ്സഹായമായ തളര്‍ന്ന ശബ്ദം. എല്ലാം പോയി. ഉപ്പ ഉമ്മ കുഞ്ഞ് വീട് എല്ലാം. ഞാന്‍ ഒറ്റക്കായി തളര്‍ന്നു തളര്‍ന്നു പോവുന്ന ശബ്ദത്തില്‍ അവര്‍ പറയുന്നു. ന്റെ പൈതല് പോയി ..ഓനെ എവിടുന്നോ കിട്ടി. അവരെയെല്ലാം മറവ് ചെയ്തു. അവരെ ഞാന്‍ കണ്ടിട്ടില്ല. ന്റെ കുഞ്ഞിനെ കാണാന്‍ പറ്റിയില്ല. അവന്‍ പോയി.
എനിക്ക് ഒന്നുമറിയില്ല. ഭീകരമായ ആ ശബ്ദം മാത്രം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. ഒരു യുദ്ധ ഭൂമിക്ക് സമാനമാണ് ഇപ്പോള്‍ മുണ്ടക്കൈയിലെ അവസ്ഥ. എല്ലാം നഷ്ടപ്പെട്ടവര്‍. ഉടുതുണിക്ക് മറു തുണിയില്ലാത്തവര്‍. തനിച്ചായി പോയവര്‍. ഇനിയെന്ത് എന്ന് ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്നവര്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."