വയനാടിന് റെഡ് അലര്‍ട്ട് നല്‍കിയോ? മുഖ്യമന്ത്രിയുടെ മറുപടിക്കു പിന്നാലെ ഉരുണ്ടു കളിച്ച് കേന്ദ്രം, മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നെന്ന് വാദം
തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ വെട്ടിലായിരിക്കുകയാണ് കേന്ദ്രം. കേരളത്തിന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നടപടിയെടുത്തില്ലെന്നുമാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ ദുരന്തമുണ്ടായ ശേഷമാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിശദീകരണത്തില്‍ പറയുന്നത്.
ജൂലൈ 23 മുതല്‍ ജൂലൈ 30 വരെ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് കേന്ദ്രത്തിന്റെ വാദം. ജൂലൈ 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ 12 സെന്റിമീറ്റര്‍ മഴ പെയ്യുമെന്നും ജൂലൈ 30 ന് 20 സെന്റിമീറ്ററിലധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാദേശികമായി ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്രമന്ത്രി അമിത് ഷാ തന്റെ പ്രസംഗത്തില്‍ റെഡ് അലര്‍ട്ട് എന്ന് പറഞ്ഞിട്ടില്ല. കനത്ത മഴ പെയ്താല്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ് വയനാടെന്നും അതിനാല്‍ ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് സംസ്ഥാന സര്‍ക്കാര്‍ മാറ്റണമായിരുന്നു എന്നുമാണ് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.
അതേസമയം, അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് കെ.സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥത്തില്‍ ദുരന്തദിവസങ്ങളിലൊന്നും തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാന്‍ഡ്‌സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല.
ദുരന്ത മേഖലയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് അപ്പോഴുണ്ടായിരുന്നത്. 115നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പെങ്കിലും 48 മണിക്കൂറില്‍ 572 മില്ലിമീറ്റര്‍ മഴ പെയ്തു. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടശേഷം രാവിലെ ആറുമണിക്കാണ് റെഡ് അലര്‍ട്ട് നല്‍കിയത്. ജൂലൈ 29ന് ഉച്ചയ്ക്ക് ഒരു മണിക്ക് നല്‍കിയ മുന്നറിയിപ്പിലും വയനാടിന് ഓറഞ്ച് അലര്‍ട്ടായിരുന്നു.
കേന്ദ്ര സ്ഥാപനമായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ലാന്‍ഡ് സ്ലൈഡ് വാണിങ് സിസ്റ്റം 30നും 31നും പച്ച അലര്‍ട്ടാണ് നല്‍കിയതെന്ന് രേഖാചിത്രം ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
ചെറിയ മണ്ണിടിച്ചിലിനോ ഉരുള്‍ പൊട്ടലിനോ ഉള്ള സാധ്യതയാണിത്. അപ്പോഴേക്കും അതിതീവ്ര മഴയും അപകടവും സംഭവിച്ചിരുന്നു. പ്രളയമുന്നറിയിപ്പ് നല്‍കുന്ന കേന്ദ്ര ജലകമ്മീഷന്‍ ജൂലൈ 23 മുതല്‍ 29 വരെ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പാര്‍ലമെന്റില്‍ അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമാണെന്ന് സമര്‍ത്ഥിച്ചു.
കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിനാലാണ് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കേന്ദ്രം ലഭ്യമാക്കിയത്. 9 സംഘം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വയനാട്ടില്‍ ഒരു സംഘത്തെയാണ് വിന്യസിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആളുകളെ മാറ്റിപ്പാര്‍പ്പിക്കാതിരുന്നതാണ് ദുരന്തകാരണമെന്ന അമിത്ഷായുടെ വിമര്‍ശനത്തെ, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റെഡ് അലര്‍ട്ട് ലഭിച്ചപ്പോള്‍ 3,500 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ഉരുള്‍പൊട്ടല്‍ പ്രഭവ കേന്ദ്രത്തിന്റെ ആറേഴ് കിലോമീറ്റര്‍ അകലെയാണ് ദുരന്തമുണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികളിലേക്കാണ് കേന്ദ്രം കടക്കേണ്ടത്. ഇതു പഴിചാരേണ്ട ഘട്ടമല്ല. ആരുടെയെങ്കിലും പിടലിക്കിട്ട് അതിന്റെ ഉത്തരവാദിത്വം ഞങ്ങള്‍ക്കല്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയതു കൊണ്ട് കാര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് ഏഴു ദിവസം മുമ്പ് കേരള സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത്. വയനാട് ദുരന്തം സംബന്ധിച്ച് രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. ഇതേ അവകാശവാദം പിന്നീട് ലോക്‌സഭയിലും അമിത്ഷാ ആവര്‍ത്തിച്ചു. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയില്ലെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആരോപണത്തോട് ആക്രോശിച്ചു കൊണ്ടാണ് അമിത്ഷാ മറുപടി പറഞ്ഞത്.
മൂന്നു തവണയാണ് കേരളത്തിനു മുന്നറിയിപ്പ് നല്‍കിയത്. ഈമാസം 23ന് മുന്നറിയിപ്പ് നല്‍കി. പിന്നാലെ 24നും 25നും മുന്നറിയിപ്പ് നല്‍കി. 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴപെയ്താല്‍ ഉരുള്‍പൊട്ടലുണ്ടാന്‍ സാധ്യതയുണ്ട്. ആളുകളെ ഒഴിപ്പിച്ചില്ലെങ്കില്‍ അവര്‍ മരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ് സംവിധാനം അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. അയച്ച മുന്നറിയിപ്പ് വായിക്കണം. ചുഴലിക്കാറ്റുണ്ടായപ്പോള്‍ ഒഡീഷയിലും ഗുജറാത്തിലും കേന്ദ്ര മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിച്ചു. ഒഡീഷയില്‍ ഒരാള്‍ മാത്രമാണ് മരിച്ചത്. ഗുജറാത്തില്‍ ഒരു പശുപോലും മരിച്ചില്ല. പ്രകൃതി ദുരന്തങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ലോകത്തെ ഏറ്റവും മികച്ച സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഈ മുന്നറിയിപ്പ് നമ്മുടെ വെബ്‌സൈറ്റില്‍ എല്ലാവര്‍ക്കും കാണാം. ചിലയാളുകള്‍ നമ്മുടെ വെബ്‌സൈറ്റ് തുറന്നുനോക്കാതെ വിദേശത്തെ വെബ്‌സൈറ്റാണ് തുറന്നുനോക്കാറെന്നും അമിത്ഷാ പരിഹസിച്ചു. വിദേശ സൈറ്റുകളില്‍ ഇത്തരം മുന്നറിയിപ്പുണ്ടാകില്ലല്ലോ.
ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജൂലൈ 23ന് 9 എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ മേഖലയിലേക്ക് അയച്ചു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? ആരാണ് തടഞ്ഞത്. മാറ്റിയിട്ടുണ്ടെങ്കില്‍ എങ്ങനെ ആളുകള്‍ മരിച്ചു. കേരള സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും അമിത് ഷാ ചോദിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. ഈ ദുരന്തത്തില്‍ കേരളത്തിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കുമൊപ്പം കേന്ദ്രം ഉണ്ടാകും. രാഷ്ട്രീയഭിന്നത മറന്ന് കേരളത്തിനൊപ്പം നില്‍ക്കുമെന്നുമാണ് അമിത്ഷാ പറഞ്ഞത്.
അതേസമയം, ഉരുള്‍ ദുരന്തത്തിന്റെ ആഘാതം അല്‍പ്പമെങ്കിലും കുറച്ചത് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുകള്‍ കാരണമാണ്. ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരും രക്ഷാപ്രവര്‍ത്തകരായ നാട്ടുകാരും ഇക്കാര്യം തുറന്നു പറയുന്നു. ഇടമുറിയാത്ത കനത്ത മഴയാണ് ജൂലൈ 27മുതല്‍ വയനാട്ടില്‍ പെയ്തത്. 29നു രാത്രി മുതല്‍ മേപ്പാടി മേഖലയില്‍ അതിതീവ്രമഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന് വയനാട്ടിലെ സ്വകാര്യ ക്ലൈമറ്റ് ആക്ഷന്‍ ഗവേഷകരായ ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു.
വയനാട്ടില്‍ ഏറ്റവും കൂടുതല്‍ മഴമാപിനികളുള്ള സ്വകാര്യ ഏജന്‍സി കൂടിയാണ് ഹ്യൂം. പ്രദേശത്ത് പെരുവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടല്‍ സാധ്യതയുമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഹ്യൂം മുന്നറിയിപ്പ് നല്‍കി. ഇതുപ്രകാരം കലക്ടറേറ്റില്‍നിന്ന് നേരിട്ടും മേപ്പാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ വഴിയും ജനങ്ങളെ വിവരം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ 29നു വൈകിട്ടോടെ മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തുനിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി. അതല്ലായിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഊഹങ്ങള്‍ക്കുമപ്പുറത്താകുമായിരുന്നു. മഴ മാറുമെന്നും പ്രശ്‌നങ്ങളുണ്ടാകില്ലെന്നും പ്രതീക്ഷിച്ചവരാണ് ദുരന്തത്തിനിരയായവരിലേറെയും. സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ മെറ്റ്ബീറ്റ് വെതറും മുണ്ടക്കൈ ഭാഗത്ത് തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് 29ന് രാത്രി 10.30ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിദേശരാജ്യങ്ങളിലെ ഉപഗ്രഹ, റഡാര്‍ സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് രാത്രിയിലെ കനത്തമഴ ഇവര്‍ പ്രവചിച്ചത്. ഹ്യൂമിന് വയനാട്ടില്‍ മുപ്പതോളം ലൊക്കേഷനുകളില്‍ മഴമാപിനികളുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിനുപോലും പരിമിതമായ നിരീക്ഷണ സംവിധാനങ്ങളേ ഇവിടെയുള്ളൂ. അതുകൊണ്ടാണ് അതിതീവ്ര മഴ പെയ്തിട്ടുപോലും റെഡ് അലെര്‍ട്ട് നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടത്.
ജിയോളജിക്കല്‍ സര്‍വേയുടെ എ.ഐ സംവിധാനവും പാളി
കല്‍പ്പറ്റ: പെരുമഴയും ഉരുള്‍പൊട്ടല്‍ സാധ്യതയും അടക്കമുള്ള ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ സ്ഥാപിച്ച സംവിധാനവും പരാജയപ്പെട്ടു. ദുരന്തസാധ്യത ഏറെയുള്ള പ്രദേശമെന്ന് കണ്ട് 13 ദിവസം മുന്‍പാണ് വയനാട്ടില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം സ്ഥാപിച്ചത്. അതിതീവ്ര മഴയോ അതേത്തുടര്‍ന്നുള്ള ഉരുള്‍പൊട്ടലോ പ്രവചിക്കുന്നതിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള അത്യാധുനിക സംവിധാനം പരാജയപ്പെട്ടത്.
ജൂലൈ 19ന് കേന്ദ്ര കല്‍ക്കരി മന്ത്രി ജി.കിഷന്‍ റെഡ്ഡിയാണ് വയനാട്ടിലെ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. കൊല്‍ക്കത്തയിലെ ജി.എസ്.ഐ ആസ്ഥാനത്ത് സ്ഥാപിച്ച ദേശീയ മണ്ണിടിച്ചില്‍ പ്രവചന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടൊപ്പമാണ് വയനാട് യൂനിറ്റും പ്രവര്‍ത്തനമാരംഭിച്ചത്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകട മുന്നറിയിപ്പ് മുന്‍കൂട്ടി നല്‍കുന്നതിന് കൊല്‍ക്കത്ത ആസ്ഥാനമായാണ് കേന്ദ്രം തുടങ്ങിയത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലകളായ വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് സ്ഥാപനം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."