ചക്കിട്ടപ്പാറയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.ടി.ഐ; പ്രാഥമിക സ്ഥല പരിശോധന പൂര്‍ത്തിയായി
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട്ടില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.ടി.ഐ സ്ഥാപിക്കാന്‍ പ്രാഥമിക സ്ഥല പരിശോധന പൂര്‍ത്തിയായി. റവന്യൂ വകുപ്പിനു കീഴിലുള്ള പത്തേക്കര്‍ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നു തൊഴില്‍ വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
താല്‍ക്കാലിക സംവിധാനമൊരുക്കി ഈ വര്‍ഷം തന്നെ ക്ലാസ് ആരംഭിക്കാനുള്ള നടപടികളെടുക്കും. സ്ഥിരംജീവനക്കാരെ നിയമിക്കുന്നതിനു പകരം താല്‍ക്കാലിക ജീവനക്കാരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. സ്ഥാപനം തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ ആരംഭിക്കാന്‍ ഐ.ടി.ഐ ഡയരക്ടറേറ്റിനു നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
പേരാമ്പ്ര മണ്ഡലം വികസന അവലോകന യോഗത്തില്‍ ഐ.ടി.ഐ സ്ഥാപിക്കാനുള്ള ചുമതല കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പലിനു നല്‍കിയതായി മന്ത്രി അറിയിച്ചു. വികസന മിഷന്‍ 2025ന്റെ ഭാഗമായി മണ്ഡലത്തില്‍ 50 പദ്ധതികള്‍ക്കു രൂപംനല്‍കാനും ധാരണയായി. ഒക്ടോബര്‍ എട്ടിന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വികസന സെമിനാറില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന ആയിരത്തോളം പേരെ പങ്കെടുപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."