സിം കാര്‍ഡ് മോഷണം: യുവതി 1,18,600 ദിര്‍ഹം പിഴ നൽകണമെന്ന് വിധി
അബൂദബി: മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് മോഷ്ടിച്ച വനിതയോട് 118,600 ദിര്‍ഹം നഷ്ടപരിഹാരം ഉടമയായ പുരുഷന് നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍, അഡ്മിനിസ്‌ട്രേറ്റിവ് ക്‌ളെയിംസ് കോര്‍ട്ട് വിധി പുറപ്പെടുവിച്ചു. ഏഷ്യന്‍ യുവതി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സിം കാര്‍ഡ് മോഷ്ടിച്ചതിനും അതുപയോഗിച്ച് വിളിച്ച് വന്‍ ബില്ല് വരുത്തിയതിനുമുള്ള നഷ്ടപരിഹാരത്തുകയാണിത്.
സിം കാര്‍ഡ് മോഷ്ടിക്കുകയും, ശേഷം നാലു വര്‍ഷം വരെ ഇദ്ദേഹത്തിന്റെ അറിവില്ലാതെ യുവതി ഉപയോഗിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിയുടെ മേലുള്ള കുറ്റങ്ങള്‍.
വിധിച്ച നഷ്ടപരിഹാരത്തുകയും ഫോണ്‍ നമ്പറില്‍ ഉയര്‍ന്നേക്കാവുന്ന ഏതെങ്കിലും അധിക ചാര്‍ജുകളും അതിനു പുറമെ, തന്റെ കൈവശമുള്ള ഈ സിം കാര്‍ഡ് ഉപയോഗിക്കുന്നുവെന്ന് ബന്ധപ്പെട്ട കമ്പനിയെ പ്രതി അറിയിക്കാനും കോടതിയോട് നിര്‍ദേശിക്കാന്‍ ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. കോടതി ചെലവുകള്‍, അഭിഭാഷക ചെലവുകള്‍ എന്നിവയും പ്രതി അടയ്ക്കണമെന്നും സിം കാര്‍ഡ് ഉടമ വാദിച്ചു.
ഈ കേസില്‍ ഹിയറിംഗിന് ഹാജരാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിഭാഗം ആദ്യം ഹാജരായില്ല.
ടെക്‌സ്റ്റ് മെസേജ് വഴി അറിയിച്ചിട്ടും കോടതിയില്‍ എത്തിയില്ല. അതേത്തുടര്‍ന്ന്, സിവില്‍, കൊമേഴ്‌സ്യല്‍ ഇടപാടുകളിലെ തെളിവ് നിയമത്തെ അടിസ്ഥാനമാക്കി കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ഒരു ക്രിമിനല്‍ കോടതിക്ക് മുമ്പാകെയുള്ള സിവില്‍ ക്ലെയിമുകളില്‍ ക്രിമിനല്‍ വിധിക്ക് നിര്‍ബന്ധിത അധികാരമുണ്ടെന്ന് ഈ നിയമം പ്രസ്താവിക്കുന്നു. കാര്‍ഡ് നഷ്ടവും വരുമാന നഷ്ടവും ഫണ്ടുകളുടെ ദുരുപയോഗവും വാദിക്ക് വരുത്തിയ ധാര്‍മിക നാശവും കോടതി അംഗീകരിച്ചു.
അതിനിടെ, മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ടെലികമ്യൂണികേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റഗുലേറ്ററി അതോറിറ്റി (ടി.ഡി.ആര്‍.എ) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അറിയിപ്പ് ലഭിച്ചാല്‍ ഉപയോക്താവിന്റെ അംഗീകാരം നേടിയ ശേഷം സേവന ദാതാവ് ഫോണിന്റെ വയര്‍ലെസ് കണക്ഷന്‍ ബ്‌ളോക്ക് ചെയ്യുമെന്നും യു.എ.ഇയിലെ ഏതെങ്കിലും വയര്‍ലെസ് നെറ്റ്‌വര്‍ക്കിലേക്ക് ഫോണ്‍ കണക്റ്റ് ചെയ്യുന്നത് തടയുമെന്നും അതോറിറ്റി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."