ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ അബൂദബിയും
ദുബൈ: 2024ലെ എകണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റിന്റെ (ഇ.ഐ.യു) ഗ്ലോബല്‍ ലൈവബിലിറ്റി സൂചികയനുസരിച്ച്, അബൂദബിയും ദുബൈയും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും മികച്ച താമസ യോഗ്യമായ നഗരങ്ങളായി തുടരുകയും ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും അവയുടെ സ്‌കോറുകള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇതേ മേഖലകളില്‍ കൈവരിച്ച പുരോഗതി എടുത്തു കാണിച്ചു കൊണ്ട് സൂചികയില്‍ ദുബൈ രണ്ടാം സ്ഥാനത്തെത്തി.
നംബിയോ വെബ്സൈറ്റ് നല്‍കുന്ന 'ക്രൈം ആന്‍ഡ് സേഫ്റ്റി ഇന്‍ഡക്‌സ്' അനുസരിച്ച്, അബൂദബി ആഗോള തലത്തില്‍ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സുരക്ഷാ സൂചികയില്‍ 88.2 പോയിന്റുമായി ആഗോള തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ നഗരം കുറ്റകൃത്യങ്ങളില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ നേടി. 11.8 പോയിന്റുമായി ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.
ആരോഗ്യ മേഖലയില്‍, ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ നിന്നുള്ള സമീപകാല ഡാറ്റ കാണിക്കുന്നത് 2024ന്റെ ആദ്യ പാദത്തില്‍ എമിറേറ്റിലെ മൊത്തം ലൈസന്‍സുള്ളതും പ്രവര്‍ത്തനക്ഷമവുമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ എണ്ണം 5,020 ആയി ഉയര്‍ന്നു എന്നാണ്. ലൈസന്‍സുള്ള ഡോക്ടര്‍മാരുടെ എണ്ണം ആകെ 13,370 ആയി. അതേസമയം, അബൂദബിയില്‍ ഇതേ കാലയളവില്‍ 67 ആശുപത്രികള്‍, 1136 ആരോഗ്യ കേന്ദ്രങ്ങള്‍, 765 ക്ലിനിക്കുകള്‍, 1068 ഫാര്‍മസികള്‍, കൂടാതെ 287 മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ 3,323 ആയി. 2022 അവസാനത്തോടെ അബുദാബിയില്‍ ലൈസന്‍സുള്ള ഡോക്ടര്‍മാരുടെ എണ്ണം 12,922 ആയി.
വിദ്യാഭ്യാസ മേഖലയില്‍, 2023-2024 അധ്യയന വര്‍ഷത്തില്‍ അബൂദബിയിലെ സ്വകാര്യ, പൊതു, മിക്‌സഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ 459 സ്‌കൂളുകള്‍ എത്തിയപ്പോള്‍ ദൂബൈയിലെ സ്വകാര്യ സ്‌കൂളുകളുടെ എണ്ണം 220 ആയി. ഈ മേഖലയിലെ മികച്ച പത്ത് നഗരങ്ങളില്‍ എട്ടെണ്ണം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു. അവ സ്ഥിരതയുള്ളതും ലോക വേദിയില്‍ വര്‍ധിച്ചു വരുന്ന സ്വാധീനമുള്ളവയുമാണ്. അവയില്‍ കുവൈത്ത് സിറ്റി, ദോഹ, ബഹ്റൈന്‍ എന്നിവ യഥാക്രമം 3, 4, 5 സ്ഥാനങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."