കായിക, സാമൂഹിക പ്രവർത്തനങ്ങളുമായി അൽ ബർഷ കമ്മ്യൂണിറ്റി ഫോറം
ദുബൈ: ദുബൈ പൊലിസിന്റെ 'അൽ ബർഷ കമ്മ്യൂണിറ്റി ഫോറം' കായിക, സാമൂഹിക ഇടപഴകൽ പ്രവർത്തനങ്ങളുമായി അൽ ബർഷ പോണ്ട് പാർക്കിൽ തുടരുന്നു. വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നുള്ള സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ഈ പരിപാടി.
അൽ ബർഷ പൊലിസ് സ്‌റ്റേഷനിലെ വിവിധ ഡിവിഷനുകളുടെ ഡയരക്‌ടർമാർ, തന്ത്രപ്രധാന പങ്കാളികൾ എന്നിവരുമായി സഹകരിച്ച് ദുബൈ പൊലിസിൻ്റെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ അൽ ബർഷ പ്രദേശവാസികൾക്കായാണ് 'അൽ ബർഷ കമ്മ്യൂണിറ്റി ഫോറം' പ്രവർത്തനങ്ങൾക്ക് കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചത്. 'പൊലിസ്മാൻ ഇൻ യുവർ നെയ്‌ബർഹുഡ്' പ്രോഗ്രാമിലെ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തവും ഇവിടെ എടുത്തു പറയേണ്ടതാണ്.
എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി 11 മണി വരെ നടക്കുന്ന കമ്മ്യൂനിറ്റി ഫോറം സെപ്റ്റംബർ 1 വരെ തുടരും. സ്പോർട്സിൻ്റെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും സമന്വയമാണ് അൽ ബർഷ കമ്മ്യൂനിറ്റി ഫോറത്തിലൂടെ നടത്താൻ ഉദ്ദേശിക്കുന്നത്. സാമൂഹിക സന്തോഷം, സുരക്ഷ, ഭദ്രമായ ജീവിത നിലവാരം, സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കൽ, അഭിവൃദ്ധി പ്രാപിക്കുന്ന പാർപ്പിട അയൽപക്കങ്ങൾ പരിപോഷിപ്പിക്കൽ, സഹിഷ്ണുത, സഹവർത്തിത്വം, പരസ്പര ബഹുമാനം എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കുക എന്ന ദുബൈ പൊലിസിൻ്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് ഫോറം ലക്ഷ്യമിടുന്നത്.
ദുബായിലെ റസിഡൻ്റ് കമ്മ്യൂണിറ്റികളും പൊലിസും തമ്മിലുള്ള ബന്ധവും ആശയ വിനിമയവും ശക്തിപ്പെടുത്തുന്നതിൽ അൽ ബർഷ കമ്മ്യൂണിറ്റി ഫോറത്തിൻ്റെ പ്രവർത്തനങ്ങളുടെ പ്രാധാന്യം പോസിറ്റീവ് സ്പിരിറ്റ് കൗൺസിൽ ആക്ടിങ് ചെയർമാൻ ക്യാപ്റ്റൻ ഹമൂദ് അൽ മഖ്ബാലി ഊന്നിപ്പറഞ്ഞു. പൊലിസ് സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനും സാമൂഹിക നിഷേധാത്മക പ്രതിഭാസങ്ങൾ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കായിക പ്രവർത്തനങ്ങൾ മുതൽ ബോധവൽക്കരണ സംരംഭങ്ങൾ വരെ ഇതിലുൾപ്പെടുന്നു. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് സംഭാവന നൽകിയ എല്ലാവരുടെയും ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾ ഫോറത്തിൽ നടന്നു. പോലിസ്, സുരക്ഷാ സേവനങ്ങളെ കുറിച്ച് ബോധവൽക്കരണ സെഷനുകളും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."