തിയറ്റര്‍ വിനോദ നികുതി വെട്ടിപ്പ്; വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
നിലമ്പൂര്‍: സിനിമാ തിയേറ്ററുകളില്‍ നടന്ന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡി.വൈ.എസ്.പി കെ സലീം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥരുടെയും തിയറ്റര്‍ ഉടമകളുടെയും ക്രമക്കേടിലെ പങ്ക് അക്കമിട്ടുനിരത്തുന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്.നഗരസഭയിലെ എട്ടു ജീവനക്കാര്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നഗരകാര്യ ഡയറക്ടര്‍ക്ക് നല്‍കുന്ന ശിപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുതല നടപടിയുണ്ടാവുക.
രണ്ടു തിയറ്റര്‍ ഉടമകള്‍ക്കും നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ എട്ട് ജീവനക്കാര്‍ക്കുമെതിരെയാണ് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി കേസെടുത്തത്. കഴിഞ്ഞ ആറിന് നഗരസഭയിലും രണ്ട് തിയേറ്ററുകളിലും നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തി മൂന്നാഴ്ചയായിട്ടും തിയേറ്ററുകള്‍ക്കെതിരേ നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ക്രമക്കേടുമായി ബന്ധപ്പെട്ട് കഴിഞ്ഞ 12ന് തിയറ്റര്‍ ഉടമകള്‍ക്ക് സെക്രട്ടറി നോട്ടീസ് അയച്ചതല്ലാതെ തുടര്‍നടപടിയൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉദ്യോഗസ്ഥര്‍ നികുതിയുമായി ബന്ധപ്പെട്ട് തിയേറ്ററുകളില്‍ യാതൊരു പരിശോധനയും നടത്തിയിട്ടില്ല. ഒറ്റ ദിവസംപോലും തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായിരുന്നില്ലെന്നും ഡി.സി.ആര്‍ പരിശോധനയില്‍ വ്യക്തമായിരുന്നു. സിനിമാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് തിയറ്റര്‍ ഉടമകള്‍ നല്‍കിയ ഡി.സി.ആറുകളിലെ കണക്കും നഗരസഭയില്‍ നല്‍കിയ ഡി.സി.ആറിലെ കണക്കും തമ്മില്‍ വലിയ അന്തരമാണുള്ളത്. പരാതികളേയും വാര്‍ത്തകളേയും തുടര്‍ന്ന് വിജിലന്‍സ് സി.ഐ കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭയിലും തിയറ്ററുകളിലും കഴിഞ്ഞ ആറിന് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തത്.ഫെയറിലാന്റ്, ജ്യോതി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച കബാലിയുടെ ആറു ദിവസത്തെ കലക്ഷന്‍ പരിശോധിച്ചതില്‍ തന്നെ രണ്ടു തിയറ്ററുകളിലായി നാലരലക്ഷത്തിലേറെ രൂപയുടെ ക്രമക്കേടാണ് അന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."