അമ്പുട്ടാന്‍പൊട്ടി ജലസേചന പദ്ധതി: ഉപഭോക്തൃ കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം
നിലമ്പൂര്‍: പോത്തുകല്ല് പഞ്ചായത്തിലെ അമ്പുട്ടാന്‍പൊട്ടി ജലസേചന പദ്ധതിയുടെ നിലവിലെ ഉപഭോക്തൃ കമ്മിറ്റി പിരിച്ചുവിടാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് നടന്ന സിറ്റിംഗിലാണ് ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശം ഉണ്ടായത്. പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ചു. ഉത്തരവിന്റെ പകര്‍പ്പ് പഞ്ചായത്തിന് ഉടന്‍ കൈമാറും.
പ്രദേശവാസിയായ കണ്ണിയന്‍ അബ്ദുല്‍കരീം നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ ഇടപെടലുണ്ടായത്. പഞ്ചായത്ത് സെക്രട്ടറിയേയും ജലസേചനപദ്ധതി നോക്കിനടത്തിപ്പുക്കാരനായ തോമസ് അഗസ്റ്റ്യന്‍ എന്നയാളേയും എതിര്‍ കക്ഷികളാക്കിയാണ് അബ്ദുള്‍ കരീം പരാതിനല്‍കിയിരുന്നത്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ജലസേചന പദ്ധതി പിന്നീട് സ്വകാര്യവ്യക്തി കൈവശപ്പെടുത്തുകയും ഇതിലൂടെ കിട്ടുന്ന ആദായം വര്‍ഷങ്ങളായി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് വരുകയാണെന്നും ഇത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും സ്വകാര്യവ്യക്തിക്കെതിരേ പഞ്ചായത്ത് നിയമ നടപടി സ്വീകരിക്കുന്നില്ലെന്നും പദ്ധതി പഞ്ചായത്ത് ഏറ്റെടുക്കുന്നില്ലെന്നുമായിരുന്നു പരാതിയിലുള്ളത്.വിവരാവകാശ രേഖപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് ഒരുവരുമാനവും ലഭിച്ചിട്ടില്ലെന്നും ഇത് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട്. 1983 ല്‍ ചുങ്കത്തറ പഞ്ചായത്തിലാണ് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ജലസേചന പദ്ധതി സ്ഥാപിച്ചതെങ്കിലും 2000ല്‍ ചുങ്കത്തറ പഞ്ചായത്ത് വിഭജിച്ച് പോത്തുകല്ല് പഞ്ചായത്ത് രൂപീകരിച്ചെങ്കിലും പദ്ധതി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
ശരിയായ ഗുണഭോക്ത കമ്മിറ്റി രൂപീകരിക്കാതെ സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നടത്തിവന്നിരുന്നെതായിരുന്നു പരാതി.
കര്‍ഷകര്‍ക്ക് ജലസേചനത്തിനും മറ്റും വെള്ളം നല്‍കാതെ തനിക്ക് താല്‍പരരായ കുറച്ച് പേര്‍ക്ക് മാത്രം വെള്ളം നല്‍കി ഇതിലൂടെ സ്വകാര്യവ്യക്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. സ്വകാര്യ വ്യക്തി ദുരുപയോഗം ചെയ്തതിന് നടപടി കൈകൊള്ളാത്ത ഉദ്യോഗസ്ഥരുടെ അഴിമതിയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുള്‍കരീം വിജിലന്‍സിനും പരാതി നല്‍കാന്‍ ഒരുങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."