കേരളത്തില്‍ നിന്നും പറക്കാം കുറഞ്ഞ ചെലവില്‍ ഇനി വിയറ്റ്‌നാമിലേക്ക്,.... വരൂ സഞ്ചാരികളെ ഇവിടം മനോഹരമാണ്
'എസ്' ആകൃതിയിലുള്ള (ഇംഗ്ലീഷ് അക്ഷരമാല)യിലെ രാജ്യമാണ് വിയറ്റ്‌നാം. വിയറ്റ്‌നാമിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അറിയാതെ സംശയിച്ചുപോകും ഇത് കേരളമാണോ എന്ന്! നാട്ടുവഴികളിലെല്ലാം പച്ചപ്പ്, വ്യത്യസ്തങ്ങളായ കൃഷിയിടങ്ങള്‍, ശബ്ദമുണ്ടാക്കി നടക്കുന്ന വളര്‍ത്തുമൃഗങ്ങള്‍. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍, രുചികരമായ പ്രാദേശിക വിഭവങ്ങള്‍ എല്ലാമുള്ള രാജ്യമാണ് വിയറ്റ്‌നാം. തെക്ക് ഹോ ചി മിന്‍, വടക്ക് തലസ്ഥാനമായ ഹനോയ്, മധ്യഭാഗത്തുള്ള ഡാ നാങ് എന്നിവയാണ് ഇവിടെയുള്ള പ്രധാന നഗരങ്ങള്‍.
അധികം ചെലവില്ലാതെ പോയിവരാവുന്ന രാജ്യം തന്നെയാണ് വിയറ്റ്‌നാം. തുറമുഖ നഗരമായ ഹ്യൂ സിറ്റിയില്‍ നിന്ന് മൂന്നു മണിക്കൂറോളം സഞ്ചരിച്ചാല്‍ പ്രകൃതി സൗന്ദര്യമുറ്റിനില്‍ക്കുന്ന കാം താന്‍ കോക്കനട്ട് വില്ലേജില്‍ എത്താം. വിശാലമായ കായല്‍ നിലങ്ങളും പുഞ്ചകളും ചെറുതോടുകളും വെള്ളക്കെട്ടുകളുമൊക്കെ ഇടകലര്‍ന്ന കാം താന്‍ കാണുമ്പോള്‍ തോന്നിപ്പോവും നമ്മള്‍ കുട്ടനാട്ടിലെത്തിയോ എന്ന്. അത്രയ്ക്കും സാമ്യമുണ്ട് ഇതിന്.
ഈ ഗ്രാമത്തില്‍ കൂടുതലും കാണാനാവുന്നത് പനയാണ്. വിശാലമായ ഉള്‍നാടന്‍ ജലാശയത്തോടു ചേര്‍ന്ന് കിടക്കുന്ന ചെറുതുരുത്തുകള്‍. ഈ തുരുത്തുകളിലൂടെ സഞ്ചാരികളെ കുട്ടവഞ്ചികളില്‍ കയറ്റി തുഴഞ്ഞുപോകുന്നതാണ് പ്രധാന വിനോദം. ഇവരുടെ വരുമാനമാര്‍ഗവും കൂടിയാണ് കുട്ടവഞ്ചി യാത്രകള്‍. നല്ല കുളിര്‍മയുള്ള കാറ്റേറ്റ് ചെറുതുരുത്തുകളുടെ നടുവിലൂടെയുള്ള യാത്ര. ചാലുകളുടെ ഇരുവശത്തും ഉയരം കുറഞ്ഞ പനക്കൂട്ടം. ഇതു കണ്ടാല്‍ മതില്‍കെട്ടിയതാണെന്നു തോന്നിപ്പോവും. അത്രയ്ക്കും മനോഹാരിതയോടെയാണ് ഇതിനിടയിലൂടെയുള്ള കുട്ടവഞ്ചികളുടെ യാത്രകള്‍.
മൂന്നുപേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരു കുട്ടവഞ്ചിയില്‍ സഞ്ചരിക്കാന്‍ കഴിയില്ല. ചെറിയ ജലാശയത്തില്‍ കുട്ടവഞ്ചികള്‍ തുഴഞ്ഞുനീക്കി ജീവിത സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നത് അനേകം തുഴച്ചില്‍ക്കാരാണ്. വഞ്ചി വാങ്ങാനും അത് പരിപാലിക്കാനുമുള്ള സഹായം സര്‍ക്കാര്‍ നല്‍കും. മാത്രമല്ല, കുട്ടവഞ്ചി യാത്രയുടെ ഫീസ് നിശ്ചയിച്ചിട്ടുള്ളത് സര്‍ക്കാരും.അതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഒരുവിധ പരാതികള്‍ക്കുമുള്ള അവസരവുമില്ല ഇവിടെ.
കായലില്‍ തന്നെ തൂണുകള്‍ നാട്ടി അതിനു മുകളില്‍ ചെറുപലകകള്‍ നിരത്തിവച്ച് തറപാകിയ തട്ടുകടകള്‍. ഇത്തരം തട്ടുകടകള്‍ വെളുക്കുവോളം ഇവിടെ ഉണ്ടാവും. രാത്രിസമയത്ത് ദീപാലങ്കാരങ്ങളാല്‍ മനോഹരം. സ്ട്രീറ്റ് ഫുഡിന് ഏറെ പ്രശസ്തമായ മേഖലകൂടിയാണിത്. തളരാത്ത പോരാട്ടവീര്യവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസാണ് ഓരോ വിയറ്റ്‌നാം കാരന്റെയും മുഖമുദ്ര.
ബുദ്ധമത വിശ്വാസികളാണിവര്‍. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളില്‍ ഏറെയും ചൈന, ജപ്പാന്‍, തായ് ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ കേരളത്തില്‍ നിന്നുമുണ്ട് സഞ്ചാരികള്‍.
പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുകയോ കൂടിക്കിടക്കുകയോ ഇല്ല. പ്‌ളാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടുള്ള ജീവിത രീതിയാണ് ഇവരുടേത്. വെള്ളക്കുപ്പികള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ പ്രത്യേക പ്‌ളാന്റുകളുണ്ട്. കുപ്പിവെള്ള കമ്പനികള്‍തന്നെയാണ് ഇതു ചെയ്യുന്നത്. ഇല്ലെങ്കില്‍ പിഴയടക്കേണ്ടിവരും. പേപ്പര്‍ ബാഗുകളും പനയോല കൊണ്ടുണ്ടാക്കുന്ന സഞ്ചികളുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഇത് കുടില്‍ വ്യവസായമായി സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. സ്ത്രീകളാണ് ഇത്തരം വ്യവസായങ്ങള്‍ കൂടുതലും ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച കാപ്പി, കാഷ്ഠത്തില്‍ നിന്നാണ് വിയറ്റ്‌നാമുകാരുണ്ടാക്കുന്നത്. ഏഷ്യന്‍ പാം സിവെറ്റുകളുടെ കാഷ്ഠത്തില്‍നിന്നാണ് വിയറ്റ്‌നാമിലെ സ്‌പെഷല്‍ കോഫിയായ 'കോപ്പി ലുവാക്ക്' നിര്‍മിക്കുന്നത്. ഈ ജീവികള്‍ കാപ്പിക്കായകള്‍ തിന്നാല്‍ കുരുക്കള്‍ അവയുടെ കുടലിലൂടെ കടന്നുപോകുമ്പോള്‍ ഇവ പുളിപ്പിക്കപ്പെടുന്നു.
ഈ കുരു അവയുടെ കാഷ്ഠത്തിലൂടെ പുറത്തെത്തുമ്പോള്‍ ശേഖരിച്ച് ഉണക്കിപ്പൊടിച്ചാണ് കാപ്പിയുണ്ടാക്കുന്നത്. ഇതാണ് കോപ്പി ലുവാക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഗുണമേന്മയുള്ള കായകള്‍ മാത്രമേ സിവെറ്റുകള്‍ കഴിക്കൂ. അതിനാല്‍ കാപ്പിയും ഫസ്റ്റ്ക്ലാസായിരിക്കും. ലോകത്ത് തന്നെ വളരെ ചെലവേറിയതാണ് ഈ കോഫി. എന്നാല്‍ വിയറ്റ്‌നാമില്‍ പോക്കറ്റ് കാലിയാവാതെ ഈ ലോകപ്രസിദ്ധ കോഫി നമുക്ക് ആസ്വദിച്ചു കുടിക്കാം.
കാപ്പി ഉല്‍പാദനത്തില്‍ ലോകത്ത് രണ്ടാംസ്ഥാനമാണ് വിയറ്റ്‌നാമിന്. അതുകൊണ്ടുതന്നെ, ലോകത്ത് മറ്റെവിടെയും കാണാത്ത തരത്തിലുള്ള പ്രത്യേകയിനം കാപ്പിരുചികള്‍ ഇവിടെകാണാം. അത്തരത്തിലുള്ള മറ്റൊരു കാപ്പിയാണ് മുട്ട കാപ്പി. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, പാല്‍ എന്നിവയിട്ട് ഉണ്ടാക്കുന്ന മധുരമേറിയ ഒരു കാപ്പിയാണിത്.
മോട്ടര്‍ ബൈക്കുകളാണ് വിയറ്റ്‌നാമിലെ റോഡുകള്‍ നിറയെ. ഹനോയില്‍ എത്തുമ്പോള്‍ത്തന്നെ നമുക്കത് മനസ്സിലാകും. റോഡിലെ രാജാക്കന്‍മാരാണിവര്‍. വിയറ്റ്‌നാമിലെ യാത്രകള്‍ക്കായി സഞ്ചാരികള്‍ക്കും മോട്ടര്‍ബൈക്ക് വാടകയ്‌ക്കെടുക്കാം.
ലോകത്തിലെ മൊത്തം കശുവണ്ടി ഉല്‍പാദനത്തിന്റെ 60% വിയറ്റ്‌നാമില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഇവ വളരെ വിലകുറഞ്ഞ ഒരു ലഘുഭക്ഷണമായി കശുവണ്ടി കിട്ടുന്നതാണ്.
ലോകത്തിലെ ഏറ്റവും വലിയ ഗുഹയും വിയറ്റ്‌നാമിലാണ്. 200 മീറ്ററിലധികം ഉയരവും 175 മീറ്റര്‍ വീതിയും 9.4 കിലോമീറ്റര്‍ നീളവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് ഹാങ് സണ്‍ ഡൂങ് എന്ന ഗുഹ. മൗണ്ടന്‍ റിവര്‍ ഗുഹ എന്നും ഇത് അറിയപ്പെടുന്നു. മധ്യ വിയറ്റ്‌നാമിലെ ഫോങ് നാ കെ ബാങ് നാഷനല്‍ പാര്‍ക്കിലാണ് ഇത് ആദ്യമായി 1990ല്‍ കണ്ടെത്തിയത്. ഗുഹയില്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സന്ദര്‍ശകര്‍ക്ക്് പ്രവേശിക്കാന്‍ അനുവാദമുണ്ട്. കുരങ്ങുകള്‍, പാമ്പുകള്‍, പക്ഷികള്‍, വവ്വാലുകള്‍, ചിലന്തികള്‍, മത്സ്യങ്ങള്‍ എന്നിങ്ങനെ നിരവധി ജീവികള്‍ ഈ ഗുഹയ്ക്കുള്ളിലുണ്ട്.
വിയറ്റ്‌നാമുകാര്‍ ഡ്രാഗണുകളുടെ പിന്‍ഗാമികളെന്നാണ് പറയപ്പെടുന്നത്. നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരിച്ചിരുന്ന ഡ്രാഗണുകളുടെ രാജാവ് ഒരു യക്ഷിയെ വിവാഹം കഴിച്ചു എന്നതാണ് ഐതിഹ്യം. അവര്‍ക്ക് 100ലധികം ആണ്‍മക്കളുണ്ടാവുകയും മൂത്തവന്‍ വിയറ്റ്‌നാമിലെ ആദ്യത്തെ രാജാവുമായി. അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ് വിയറ്റ്‌നാമീസ് ജനത എന്നു മാണ് വിശ്വസിക്കപ്പെടുന്നത്.
കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിയറ്റ്‌നാം കാഴ്ചകള്‍ കാണാന്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സംവിധാനം ഇപ്പോള്‍ ലഭ്യമാണ്. കൊച്ചിയില്‍ നിന്ന് 'വിയറ്റ് ജെറ്റി'ന്റെ നേരിട്ടുള്ള വിമാന സര്‍വീസ് ഹോചിമിന്‍ സിറ്റിയിലേക്ക് ഈയടുത്ത് തുടങ്ങിയപ്പോള്‍ മലയാളികള്‍ ധാരാളമായി പോകുന്നുണ്ട്. ഒരാള്‍ക്ക് മൂന്നു ദിവസത്തേക്ക് 30,000 രൂപ മുതലാണ് പാക്കേജ്്. 15,000 രൂപയ്ക്ക് പോയിവരാവുന്ന കുറഞ്ഞ നിരക്കിലുള്ള സേവനവും ലഭ്യമാണ്. ഏതായാലും പോക്കറ്റ് അധികം കാലിയാകാതെ കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ ഒരു യാത്ര പോയി കുറെ നല്ല കാഴ്ചകളുമായി മടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."