‘ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ കണ്ടു’: ഒടുവിൽ സമ്മതിച്ച് എ.ഡി.ജി.പി അജിത് കുമാർ
തിരുവനന്തപുരം: വിവാദമായതോടെ ഒടുവിൽ ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്‌ച നടത്തിയത് സമ്മതിച്ച് കേരള പൊലിസ് എ.ഡി.ജി.പി എം.ആർ അജിത് കുമാർ. ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായാണ് കൂടിക്കാഴ്ച നടത്തിയത് അജിത് കുമാർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശദാംശങ്ങൾ തേടിയപ്പോഴാണ് കൂടിക്കാഴ്ച എ.ഡി.ജി.പി സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് അജിത് കുമാർ സംഭവത്തിൽ നൽകിയ വിശദീകരണം.
ആർ.എസ്.എസ് നേതാവിൻ്റെ കാറിലാണ് എ.ഡി.ജി.പി എത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആർ.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബാളെ തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച ദിവസം എ.ഡി.ജി.പി അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്ത ദിവസം തന്നെ കേരള പൊലിസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് അജിത് കുമാർ എത്തിയതെന്നും സ്പെഷൽ ബ്രാഞ്ച് മേലുദ്യോഗസ്ഥർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2023 മേയ് 22ന് ആയിരുന്നു സന്ദർശനം.
ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയാണ് അജിത്കുമാറിർ എന്നതിനാൽ അദ്ദേഹം ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ ലോഗ്ബുക്കിൽ എവിടെയെല്ലാം വാഹനം പോയെന്നു രേഖപ്പെടുത്തും. ഇത് ഒഴിവാക്കാൻ ഔദ്യോഗിക വാഹനം ഇല്ലാതെയായിരുന്നു ആർ.എസ്.എസ് നേതാവിനെ കാണാൻ തൃശൂരിലെ ഹോട്ടലിൽ എത്തിയത്. ആർ.എസ്.എസിന്റെ വിജ്ഞാനഭാരതി ഭാരവാഹി വന്ന കാറിലാണ് എ.ഡി.ജി.പി ഹോട്ടലിൽ പോയത്.
സന്ദർശനത്തെ കുറിച്ചുള്ള സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അടുത്തദിവസം തന്നെ മേലുദ്യോഗസ്ഥർ വഴി സംസ്ഥാന പൊലിസ് മേധാവിക്കും ഇന്റലിജൻസ് മേധാവിക്കും സർക്കാരിനും ലഭിച്ചിരുന്നു. എന്നാൽ ഇക്കാര്യം പുറത്തുവന്നിരുന്നില്ല. റിപ്പോർട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടാത്തതിനാൽ പുറത്തേക്കു വരില്ല. എന്നാൽ സന്ദർശനത്തിൽ നടപടിയെടുക്കുമോ എന്ന കാര്യത്തിലും വ്യക്തയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചതനുസരിച്ചാണ് എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയതെങ്കിൽ അജിത്കുമാറിനെതിരെ വിഷയത്തിൽ തുടർനടപടിയുമുണ്ടാകില്ല.
എ.ഡി.ജി.പി - ആർ.എസ്.എസ് നേതാവ് കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണു വെളിപ്പെടുത്തിയത്. എ.ഡി.ജി.പി എം.ആർ അജിത്കുമാർ മുഖ്യമന്ത്രിക്കു വേണ്ടി ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തൽ. സന്ദർശനം ആഭ്യന്തരവകുപ്പ് നിഷേധിച്ചാൽ ബാക്കി തെളിവ് പുറത്തുവിടുമെന്നും സതീശൻ പറഞ്ഞിരുന്നു. 2023 മെയ് 20 മുതൽ 22 വരെ തൃശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ നടന്ന ആർഎസ്എസ് ക്യാംപിൽ വച്ച് അജിത്കുമാർ ചർച്ച നടത്തിയെന്നായിരുന്നു വിഡി സതീശന്റെ വെളിപ്പെടുത്തൽ. സംഭവം സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കും.
തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കാനായി, എ.ഡി.ജി.പി എം.ആർ അജിത്കുമാർ തൃശൂർ പൂരം കലക്കിയെന്ന് ഇടത് എം.എൽ.എ പി.വി.അൻവർ ആരോപിച്ചിരുന്നു.
Kerala ADGP M.R. Ajith Kumar has confirmed a controversial meeting with RSS General Secretary Dattatreya Hosabale. The meeting, which took place on May 22, 2023, at a five-star hotel in Thrissur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."