ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
ദുബൈ: വേനല്‍ക്കാല യാത്രാസീസണ്‍ കൊടുമുടിയിലെത്തുമ്പോള്‍, ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ യാത്രയ്ക്ക് മുമ്പ് മെഡിക്കല്‍ ക്ലിയറന്‍സ് നേടണമെന്നും യാത്രയ്ക്കുശേഷം നെഞ്ചുവേദന, കാലിലെ വീക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
അടുത്തിടെ യുകെയില്‍ നിന്നുള്ള എട്ട് മണിക്കൂര്‍ ദീര്‍ഘ വിമാനയാത്രയ്ക്കുശേഷം യുഎഇയിലെ ഒരു നിവാസി, ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ച് (പള്‍മണറി എംബോളിസം PE) ഗുരുതരാവസ്ഥയില്‍ ആര്‍എകെ ആശുപത്രിയുടെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. മൂന്ന് ദിവസം നീണ്ട നെഞ്ചുവേദനയെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ എത്തിയ ഇദ്ദേഹത്തിന് സിടി പള്‍മണറി ആന്‍ജിയോഗ്രാഫി വഴി രോഗം സ്ഥിരീകരിക്കുകയും ആന്റിഓകോഗുലന്റ് തെറാപ്പി നല്‍കി ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ അവസ്ഥ ജീവന് ഭീഷണിയാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
'പള്‍മണറി എംബോളിസം പലപ്പോഴും കാലില്‍ രക്തം കട്ടപിടിക്കുന്ന ഡീപ് വെയിന്‍ ത്രോംബോസിസ് (DVT) മൂലമാണ് ആരംഭിക്കുന്നത്. ഇത് ശ്വാസകോശത്തിലേക്ക് സഞ്ചരിച്ച് രക്തയോട്ടം തടസ്സപ്പെടുത്തും,' ആര്‍എകെ ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ. സുഹ അല്‍ ഷൈഖ് സുലെമാന്‍ വിശദീകരിച്ചു.
ആര്‍ക്കാണ് അപകടസാധ്യത?
അല്‍ ഷഹാമയിലെ ബുര്‍ജീല്‍ ഡേ സര്‍ജറി സെന്ററിലെ ഫാമിലി മെഡിസിന്‍ വിദഗ്ധ ഡോ. മരിയന്‍ മലക് ഇഷാക് മോര്‍ക്കോസിന്റെ അഭിപ്രായത്തില്‍, താഴെ പറയുന്നവര്‍ യാത്രയ്ക്ക് മുമ്പ് ഡോക്ടറെ സമീപിക്കണം:
- ഹൃദ്രോഗമോ സമീപകാലത്ത് ശസ്ത്രക്രിയയോ കഴിഞ്ഞവര്‍
- COPD, ആസ്ത്മ പോലുള്ള ശ്വസന പ്രശ്‌നങ്ങള്‍
- അനിയന്ത്രിത പ്രമേഹം
- ന്യുമോണിയ, കോവിഡ്19 പോലുള്ള രോഗങ്ങള്‍ പിടിപെട്ടവര്‍
- മുമ്പ് രക്തം കട്ടപിടിക്കല്‍ രോഗം ബാധിച്ചവര്‍
മുന്‍കരുതലുകള്‍
- വിമാനയാത്രയില്‍ രക്തം കട്ടപിടിക്കല്‍ തടയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്:
- ഓരോ 12 മണിക്കൂറിലും എഴുന്നേറ്റ് നടക്കുക
- ധാരാളം വെള്ളം കുടിക്കുക, മദ്യം, കഫീന്‍, പുകവലി എന്നിവ ഒഴിവാക്കുക
- കംപ്രഷന്‍ സ്റ്റോക്കിംഗ്‌സ് ധരിക്കുക
- മയക്കമരുന്നുകള്‍ ഒഴിവാക്കുക
- ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് ഹെപ്പാരിന്‍ പോലുള്ള രക്തം നേര്‍പ്പിക്കുന്ന മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
വിമാനയാത്രയ്ക്കിടയിലോ ശേഷമോ താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടണം:
- പെട്ടെന്നുള്ള നെഞ്ചുവേദന
- ശ്വാസംമുട്ടല്‍
- ഒരു കാലില്‍ വേദനയോ വീക്കമോ ഉണ്ടെങ്കില്‍
- വേഗത്തിലുള്ള ഹൃദയമിടിപ്പ്
- തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം
- ചുമയ്ക്കുമ്പോള്‍ രക്തം കണ്ടാല്‍
'ഇവ ജെറ്റ് ലാഗോ ക്ഷീണമോ അല്ല, ജീവന് ഭീഷണിയാകാം,' ഡോ. സുഹ മുന്നറിയിപ്പ് നല്‍കി. 'അവഗണിച്ചാല്‍, പള്‍മണറി എംബോളിസം ശ്വാസകോശത്തിന് കേടുപാടുകള്‍, ഹൃദയാഘാതം, അല്ലെങ്കില്‍ മരണം വരെ ഉണ്ടാക്കാം.' അവര്‍ കൂട്ടിച്ചേര്‍ത്തു.
യാത്രയ്ക്കിടെ എന്തുചെയ്യണം?
യാത്രയ്ക്കിടെ ലക്ഷണങ്ങള്‍ കണ്ടാല്‍, ഉടന്‍ ക്യാബിന്‍ ക്രൂവിനെ അറിയിക്കണം. 'മിക്ക എയര്‍ലൈനുകളും മെഡിക്കല്‍ അടിയന്തരാവസ്ഥകള്‍ക്ക് സജ്ജമാണ്. ഓക്‌സിജന്‍ ലഭ്യമെങ്കില്‍ ശ്വസന ബുദ്ധിമുട്ടുകള്‍ക്ക് അത് സഹായകമാകും,' ഡോ. മരിയന്‍ പറഞ്ഞു.
'ലാന്‍ഡ് ചെയ്ത ഉടന്‍ ഡോക്ടറെ സമീപിക്കണം, വിമാനയാത്ര ആരോഗ്യ അപകടമായി കണക്കാക്കാറില്ല, പക്ഷേ ചിലര്‍ക്ക് ഇത് ഗുരുതരമാണ്. ഒരു മെഡിക്കല്‍ പരിശോധന ചിലപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ കാരണമാകും,' ഡോ. മരിയന്‍ വ്യക്തമാക്കി.
Medical experts in the UAE have issued a warning about the increased risk of blood clots during long-haul flights. Passengers are advised to take precautions like staying hydrated and moving regularly to prevent deep vein thrombosis (DVT).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."