കുന്നുംകൈയുടെ മുഖച്ഛായ മാറുന്നു: നവീകരണത്തിന് ഒരു കോടി
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാന പ്രദേശമായ കുന്നുംകൈ ടൗണില്‍ അടിസ്ഥാനവികസനത്തിനായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിക്കപ്പെട്ടത്.ഇത് പ്രകാരം ടൗണില്‍ വീതി കൂട്ടി മെക്കാടം ടാറിങ് നടത്തും. കുന്നുംകൈ മുതല്‍ കൊളിയാട് വരെയുള്ള മണ്‍കൂന എടുത്ത് മാറ്റും. അപകട വളവുകള്‍ മാറ്റി കുത്തനെയുള്ള ഇറക്കവും കുറയ്ക്കും. വീതി കുറഞ്ഞ ഭാഗങ്ങളില്‍ വീതി കൂട്ടി ഓവുചാല്‍ നിര്‍മിച്ചു ടൗണില്‍ റൌണ്ടപ്പ് നിര്‍മിക്കും. പഴക്കമുള്ള ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചുമാറ്റി 7.5 ലക്ഷം മുടക്കി പുതിയ ബസ് കാത്തിരുപ്പ് കേന്ദ്രം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കും. ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പാലത്തിനരികില്‍ ശുചിമുറിയും പഞ്ചായത്ത് പണിയും. ഇതോടുകൂടി ടൗണിന്റെ മുഖച്ഛായ മാറും. ഇതിനായി പൊതുമരാമത്ത് അധികൃതര്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നു അധികൃതര്‍ പറഞ്ഞു.അടുത്ത മാസം ടെണ്ടര്‍ ക്ഷണിച്ചു മാര്‍ച്ചു മാസത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. ചൈത്രവാഹിനിക്ക് കുറുകെ കുന്നുംകൈ പാലം വന്നതോടുകൂടി ഈ പ്രദേശം വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും ടൗണില്‍ എത്തുന്നവര്‍ക്ക് യാതൊരു സൗകര്യവുമില്ലായിരുന്നു.
അരിയങ്കല്ല്, പെരുമ്പട്ട, മുക്കട, മണ്ഡപം, പാലക്കുന്ന് മൌക്കൊട് എന്നീ പ്രദേശങ്ങളില്‍ നിന്ന് നൂറുക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്നത് ഇതിലൂടെയാണ്.സി പി എം എളേരി ഏരിയ സെക്രട്ടറി സാബു അബ്രഹാം, വെസ്റ്റ് എളേരി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ടി കെ സുകുമാരന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ ദുല്‍കിഫിലി , ഓട്ടോ ഡ്രൈവേര്‍സ് യൂനിയന്‍ പ്രധിനിധികള്‍ എന്നിവര്‍ സംഘത്തോടപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."