തൊഗാഡിയയുടെ ഡല്‍ഹി ഓഫിസില്‍ ഹൊസ്ദുര്‍ഗ് കോടതി വാറണ്ട് പതിച്ചു
കാഞ്ഞങ്ങാട്: വി.എച്ച്.പി അഖിലേന്ത്യ നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ ഡല്‍ഹിയിലെ ഓഫിസില്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ വാറണ്ട് പതിച്ചു.
ആറു വര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് നടത്തിയ മത സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗം സംബന്ധിച്ച കേസിലാണ് വാറണ്ട് പതിച്ചത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് തൊഗാഡിയക്കെതിരേ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന് ) പുറപ്പെടുവിച്ച പൊക്ലമേഷന്‍ വാറണ്ട് ന്യൂഡല്‍ഹിയിലെ ആര്‍.കെ നഗറിലുള്ള വി.എച്ച്.പി കേന്ദ്ര കമ്മറ്റി ഓഫിസില്‍ കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് പൊലിസ് ചുമരില്‍ പതിച്ചു നല്‍കി. ഈ പ്രദേശമുള്‍ക്കൊള്ളുന്ന സാംക്രാന്തിക് തഹസില്‍ദാര്‍ക്കും ഇതിന്റെ പകര്‍പ്പ് പൊലിസ് നല്‍കിയിട്ടുണ്ട്.
തൊഗാഡിയയുടെ സ്ഥാവര ജംഗമ സ്വത്തുകളുള്‍പ്പടെയുള്ള വിശദ വിവരങ്ങള്‍ നല്‍കണമെന്നതിനാലാണ് തഹസില്‍ദാര്‍ക്ക് വാറണ്ടിന്റെ പകര്‍പ്പടക്കമുള്ളവ നല്‍കിയത്.
അതേസമയം പ്രവീണ്‍ തൊഗാഡിയ ഗുജറാത്തിലാണ് കുടുംബ സമേതം താമസിക്കുന്നത്. എന്നാല്‍ കാഞ്ഞങ്ങാട് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൊഗാഡിയയുടെ അഡ്രസ് ഡല്‍ഹിയിലെ വി.എച്ച്.പി ഓഫിസിന്റെതായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലിസ് ഡല്‍ഹി വി.എച്ച്.പി ഓഫിസില്‍ നോട്ടിസ് പതിച്ചത്.
2011ല്‍ പുതിയ കോട്ട ടൗണ്‍ ഹാള്‍ പരിസരത്തുള്ള നെഹ്‌റു മൈതാനിയില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ ദേശ വിരുദ്ധ പ്രസംഗം നടത്തിയതിനാണ് പ്രവീണ്‍ തൊഗാഡിയ്‌ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ പൊലിസ് കോടതിയില്‍ കുറ്റപത്രം നല്‍കി തൊഗാഡിയ ഒളിവിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി തൊഗാഡിയയ്‌ക്കെതിരേ ജപ്തി നടപടി വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതി കോടതിയില്‍ ഹാജരായില്ലെങ്കില്‍ പ്രതിയുടെതായി രാജ്യത്ത് എവിടെയുമുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടു കെട്ടാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് പൊക്ലമേഷന്‍ എന്ന ജപ്തി വിളംബര നോട്ടിസ് കോടതി പുറപ്പെടുവിക്കുന്നത്.
പ്രവീണ്‍ തൊഗാഡിയ സമന്‍സ് കൈപ്പറ്റുകയോ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊക്ലമേഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."