തുറിച്ചുനോട്ടം: ഋഷിരാജ് സിങ്ങിനെ അനുകൂലിച്ച് പാക് പത്രത്തില്‍ ലേഖനം
ഇസ്‌ലാമാബാദ്: സ്ത്രീകളെ 14 സെക്കന്റ് നേരം തുറിച്ചു നോക്കുന്നത് കുറ്റകരമാണെന്ന എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനയെ അനുകൂലിച്ച് പാക് പത്രത്തില്‍ ലേഖനം. പ്രമുഖ പാക് പത്രമായ ദ ഡോണിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ റാഫിയ സകരിയ്യയുടെ കോളത്തില്‍ സിങ്ങിന് പിന്തുണ നല്‍കുന്നത്. ഡോണിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ 14 സെക്കന്റ് തുറിച്ചുനോട്ടം എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തിന് നൂറിലേറെ കമന്റുകളും ലഭിച്ചതോടെ വിഷയം പാകിസ്താനിലും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിതുറന്നു.
പാകിസ്താന്‍ തുറിച്ചു നോട്ടക്കാരുടെ നാടാണെന്നും ഏതു പാക് സ്ത്രീക്കും ഇത്തരം അനുഭവമുണ്ടാകുമെന്നും ലേഖനത്തില്‍ പറയുന്നു. തുറിച്ചുനോട്ടം നേരിടാന്‍ ഇന്ത്യയില്‍ നിയമമില്ലെന്ന വസ്തുതയാണ് ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടിയതെന്നും കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം ഉന്നയിച്ച വിഷയം പരിഗണിക്കേണ്ടതാണെന്നും റാഫിയ പറയുന്നു. തുറിച്ചു നോട്ടക്കാരില്ലാത്ത ഒരു സ്ഥലം പോലും പാകിസ്താനിലില്ല. യുവതികള്‍ മുതല്‍ വൃദ്ധര്‍ വരെ തുറിച്ചുനോട്ടത്തിന്റെ ഇരകളാണ്. പാകിസ്താനിലെ സ്ത്രീകളെയും തുറിച്ചുനോട്ടത്തില്‍ നിന്ന് സംരക്ഷിക്കണമെന്നും ലേഖനത്തില്‍ ആവശ്യമുന്നയിക്കുന്നു. കേരള എക്‌സൈസ് കമ്മിഷണറുടേത് വിപ്ലവകരമായ ചിന്തയാണെന്നും ലേഖനത്തില്‍ പറയുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ വഴക്കടിക്കുമ്പോള്‍ ഉപഭൂഖണ്ഡത്തിലെ പുരുഷന്മാരെ ചേര്‍ത്തു നിര്‍ത്തുന്ന ഒന്നാണ് ഈ തുറിച്ചു നോട്ടം എന്നും അവര്‍ ആരോപിക്കുന്നു. ഇത്തരം ഒരു പ്രസ്തവന നടത്തിയ ഋഷിരാജ് സിംഗിനെ ബഹുമാനിക്കണമെന്നും തുറിച്ചുനോട്ടക്കാര്‍ക്ക് പിഴയും ശിക്ഷയും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ലേഖനം അവസാനിക്കുന്നത്. നേരത്തെ ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന സഊദി പത്രത്തിലും വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."