ട്രംപിന് നേരെ വീണ്ടും വധശ്രമം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനുനേരെ വീണ്ടും വധശ്രമം. ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ ക്ലബിനു സമീപം വെടിവെപ്പുണ്ടാവുകയായിരുന്നു. ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ച് ഗോള്‍ഫ് ക്ലബിനു സമീപം പ്രദേശിക സമയം ഉച്ചക്ക് രണ്ടോടെയാണ് വെടിവെപ്പുണ്ടായത്.
'ട്രംപ് ഗോള്‍ഫ് കളിക്കുന്ന ക്ലബ്ബിന് പുറത്ത് നിന്ന് വെടിയൊച്ച കേട്ടു. ആ സമയം ട്രംപ് ക്ലബ്ബിലുണ്ടായിരുന്നു. ട്രംപ് സുരക്ഷിതനാണ്. കൂടുതല്‍ വിവിരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല' ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഫ്.ബി.ഐ) അറിയിച്ചു.
പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസ് പിടികൂടി. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്.ബി.ഐ വ്യക്തമാക്കി. ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് ക്ലബ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ വെടിയുതിര്‍ത്തതോടെ കാറില്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്തുടര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്.
പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58) ആണെന്ന് യു.എസ് സീക്രട്ട് സര്‍വിസ് അറിയിച്ചു. ഇയാളില്‍നിന്ന് എ.കെ 47 തോക്ക് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും സീക്രട്ട് സര്‍വിസും അറിയിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും സ്ഥിതിഗതികള്‍ വിലയിരുത്തി. ഗോള്‍ഫ് ക്ലബില്‍ വെടിവെപ്പുണ്ടായതായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ എക്‌സില്‍ സ്ഥിരീകരിച്ചു.
ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെപ്പുണ്ടായിരുന്നു. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. ട്രംപിന്റെ വലതു ചെവിക്കു പരിക്കേറ്റു. ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. വെടിയുതിര്‍ത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."