കാര്‍ഡുകള്‍ വൈകുന്നു; സബ്‌സിഡി മണ്ണെണ്ണ നഷ്ടമാകുമോയെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക
തിരൂര്‍: പുതിയ കാര്‍ഡുകള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍ സബ്‌സിഡി നിരക്കിലുള്ള മണ്ണെണ്ണ നഷ്ടമാകുമോയെന്നു മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക. ജില്ലയില്‍ പൊന്നാനി മുതല്‍ കടലുണ്ടി നഗരംവരെ ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളുണ്ട്. എന്നാല്‍, ജില്ലയില്‍ 1,500ല്‍പ്പരം പെര്‍മിറ്റുകള്‍ മാത്രമാണ് മത്സ്യഫെഡ് ഇതുവരെ അനുവദിച്ചത്.
2015ല്‍ സബ്‌സിഡി മണ്ണെണ്ണ അനുവദിക്കുന്നതിനായി മത്സ്യത്തൊഴിലാളികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു രേഖകളുടെ പരിശോധന നടത്തിയെങ്കിലും അര്‍ഹരായവരായ എല്ലാവര്‍ക്കും പുതുക്കിയ കാര്‍ഡുകള്‍ അനുവദിക്കാത്തതാണ് ആശങ്കയ്ക്കിടയാക്കുന്നത്. 2012ല്‍ അനുവദിച്ച പെര്‍മിറ്റുകളുടെ കാലാവധി കഴിഞ്ഞ ജൂലൈയ് 31നാണ് അവസാനിച്ചത്. ഇതിനു ശേഷം സബ്‌സിഡി മണ്ണെണ്ണ ലഭിക്കാന്‍ 1,500 പേര്‍ക്കു മാത്രമാണ് പെര്‍മിറ്റ് ലഭിച്ചത്. അര്‍ഹരായ പലര്‍ക്കും പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ ഈ മാസത്തെ സബ്‌സിഡി മണ്ണെണ്ണ നഷ്ടമാകുന്ന അവസ്ഥയുമാണ്.
സബ്‌സിഡി നിരക്കില്‍ ഒരു വള്ളത്തിന് 25 രൂപയില്‍ താഴെ വിലയ്ക്കു പ്രതിമാസം 143 ലിറ്റര്‍ മണ്ണെണ്ണയ്ക്കാണ് അര്‍ഹത. മത്സ്യബന്ധനത്തിനും അതുവഴി മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും ലക്ഷ്യമിട്ടു പൊതുവിതരണത്തിനുള്ള മണ്ണെണ്ണ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡിയോടെയാണ് അനുവദിക്കുന്നത്. ഈ ആനുകൂല്യമാണ് അനിശ്ചിതാവസ്ഥയിലായിരിക്കുന്നത്.
മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ കാലതാമസം നേരിടാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ആരോപിച്ചു. രേഖകളുടെ പരിശോധന ഒരു വര്‍ഷം മുന്‍പു തുടങ്ങിയിട്ടും അര്‍ഹരായവര്‍ക്കു മണ്ണെണ്ണെ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതു വൈകുന്നതില്‍ പ്രതിഷേധിച്ച് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രക്ഷോഭത്തിലേക്കു നീങ്ങുകയാണ്. എന്നാല്‍, അപേക്ഷകളിലെ തെറ്റുകളും പലരും മതിയായ രേഖകള്‍ ഹാജരാക്കാത്തതുമായ പ്രശ്‌നങ്ങളാണ് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിലെ കാലതാമസത്തിനു കാരണമെന്നു മത്സ്യഫെഡ് ജില്ലാ ഓഫിസര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. മണ്ണെണ്ണ പെര്‍മിറ്റിനുള്ള അപേക്ഷകളിലെ അപാകതകള്‍ പരിഹരിക്കാനും ഹാജരാക്കാത്ത രേഖകള്‍ ഓഫിസില്‍ എത്തിക്കണമെന്നു പത്രമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും മത്സ്യത്തൊഴിലാളികളില്‍നിന്നു കാര്യമായ പ്രതികരണമുണ്ടായില്ലെന്നും ജില്ലാ ഓഫിസര്‍ വ്യക്തമാക്കി. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വൈകിയ കാര്‍ഡുകള്‍ എത്രയും വേഗം അനുവദിക്കാന്‍ സര്‍ക്കാറില്‍നിന്നു നിര്‍ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."