ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോടികളൊഴുക്കി മറ്റുപാര്‍ട്ടികളില്‍ നിന്നും ജനപ്രതിനിധികളെ അടര്‍ത്തിയെടുക്കുന്ന ബി.ജെ.പിയുടെ കുതിരക്കച്ചവട തന്ത്രംകേരളത്തിലും. ബി.ജെ.പി സഖ്യകക്ഷിയായ അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് കൂറുമാറ്റാന്‍ രണ്ട് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്ക് എന്‍.സി.പി (ശരദ് പവാര്‍) എം.എല്‍.എ തോമസ് കെ. തോമസ് 100 കോടി വാഗ്ദാനം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എല്‍.ഡി.എഫിലെ ഏകാംഗ കക്ഷി എം.എല്‍.എമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോണ്‍ഗ്രസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പിലെനിനിസ്റ്റ്) എന്നിവര്‍ക്കാണ് 50 കോടി വീതം തോമസ് കെ. തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതേതുടര്‍ന്നാണ് തോമസ് കെ. തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത്. സംഭവം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രി അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആരോപണം നിഷേധിക്കുന്ന കത്ത് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭ സമ്മേളനകാലത്ത് എം.എല്‍.എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയാണ് ഇരുവര്‍ക്കും കോടികള്‍ വാഗ്ദാനം നല്‍കിയതെന്നാണ് വിവരം. തോമസിന് മന്ത്രി പദവി നല്‍കാത്തതില്‍ എന്‍.സി.പിയുടെ സംസ്ഥാനദേശീയ നേതൃത്വങ്ങള്‍ മുഖംതിരിച്ച സമയമായിരുന്നു അത്. ശരദ് പവാറും അജിത് പവാറും പിളര്‍ന്നപ്പോള്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള അജിത്തിന്റെ നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കുതിരക്കച്ചവട ശ്രമം. മുന്നണി മര്യാദ ലംഘിച്ചുള്ള ഈ നീക്കം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതാണ് എ.കെ. ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍.സി.പിയുടെ ആവശ്യം തള്ളാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാഗ്ദാനം ലഭിച്ച വിവരം പിണറായി അന്വേഷിച്ചപ്പോള്‍ ആന്റണി രാജു സ്ഥിരീകരിച്ചു. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എല്‍.ഡി.എഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതുവിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നല്‍കിയതായും അറിയിച്ചു.
അതേസമയം, അജിത് പവാറുമായി ഒരു ബന്ധവുമില്ലെന്നും ഇങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നുമാണ് തോമസ് കെ. തോമസിന്റെ പ്രതികരണം.
Reports suggest BJP's ₹100 crore horse-trading attempt in Kerala, with LDF MLAs Antony Raju and Kovoor Kunjumon allegedly offered ₹50 crore each by NCP's Thomas K. Thomas to switch sides
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."