രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍
തെല്‍ അവീവ്: ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍(പി.എം.ഒ) നിന്നെന്ന് റിപ്പോര്‍ട്ട്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെല്‍ഡ്‌സ്‌റ്റൈന്‍ ആണു വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. മറ്റു മൂന്നു പേര്‍ കൂടി ഇതില്‍ പങ്കാളികളാണെന്നും ഇസ്‌റാഈല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ടവരാണ് ഇവര്‍.
രഹസ്യവിവരങ്ങള്‍ ചോര്‍ന്ന കേസില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് തെല്‍ അവീവിലെ റിഷോണ്‍ ലെസിയോണ്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. ഈ ഗാഗ് ഉത്തരവ് കഴിഞ്ഞ ദിവസം കോടതി പിന്‍വലിച്ചതോടെയാണു മുഖ്യപ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തായത്. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ വക്താക്കളിലൊരാളാണ് എലി ഫെല്‍ഡ്‌സ്‌റ്റൈന്‍. ഇയാളാണു ദേശസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങള്‍ യൂറോപ്യന്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ മറ്റു മൂന്നു പ്രതികളുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്.
ഒക്ടോബര്‍ അവസാനത്തില്‍ തന്നെ എലി ഫെല്‍ഡ്‌സ്‌റ്റൈന്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണു വിവരം പുറത്തുവരുന്നത്. പുലര്‍ച്ചെ ഇയാളുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. അടുത്ത ചൊവ്വാഴ്ച വരെ കോടതി റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.
ഗസ്സയിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതിനിടെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസിലെ സുപ്രധാന രേഖകള്‍ ചോര്‍ന്നത് വലിയ വിവാദമായിരുന്നു. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ ഇറാനെതിരായ പ്രത്യാക്രമണ പദ്ധതികള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. യുദ്ധ ലക്ഷ്യങ്ങള്‍ നേടുന്നതുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ന്നത് ഇസ്‌റാഈല്‍ ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതിന്റെ ആരോപണമുന ഉയരുന്നതിനിടെയാണു പുതിയ കണ്ടെത്തല്‍ പുറത്തുവരുന്നത്.
ജര്‍മന്‍ ന്യൂസ് സൈറ്റ് ബില്‍ഡിനാണ് വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയത്. ഹമാസ് തടവിലുള്ള ബന്ദികളെ എന്തു ചെയ്യാനാണ് യഹ്‌യ സിന്‍വാര്‍ പദ്ധതിയിടുന്നതെന്ന് വ്യക്തമാക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത് രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയ ശേഷമാണ്.
അറസ്റ്റിലായവരാരും പ്രധാനമന്ത്രിയുടെ ഓഫിസിലുള്ള ജീവനക്കാരല്ലെന്നാണ് നെതന്യാഹു പറഞ്ഞിരുന്നത്. അതേസമയം ഇതിലൊരാള്‍ നെതന്യാഹുവിന്റെ ഓഫിസില്‍ ജോലിചെയ്തിരുന്ന വക്താവാണെന്ന് വൈ നെറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈനിക രഹസ്യങ്ങള്‍ അറിയാവുന്നവിധം നെതന്യാഹുവിനൊപ്പം പല യോഗങ്ങളിലും ഇയാള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."