അഭയാര്‍ഥികള്‍ക്ക് പ്രവേശനം പ്രത്യയശാസ്ത്രം നോക്കി: ട്രംപ്
അരിസോണ: യു.എസിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പ്രവേശനമെന്ന് ഡൊണാള്‍ഡ് ട്രംപ്. അതിര്‍ത്തി സംസ്ഥാനമായ അരിസോണയില്‍ നടന്ന കണ്‍വന്‍ഷനില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി. സിറിയ, ലിബിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. സിറിയന്‍ അഭയാര്‍ഥികളെ കുറിച്ച് സംസാരിക്കവെ അവരെല്ലാം എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അവരൊക്കെ ആരാണെന്നു വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മെക്സികോയിലെത്തിയ ട്രംപ് മെക്സിക്കോ പ്രസിഡന്റ് എന്റിക് പെനാ നെയ്റ്റോയെ സന്ദര്‍ശിച്ച ശേഷമാണ് അഭയാര്‍ഥി പ്രശ്നത്തില്‍ പഴയ നിലപാട് ആവര്‍ത്തിച്ചത്. നേരത്തെ മെക്സിക്കോയില്‍ നിന്നുള്ളവരെ തടയാന്‍ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുമെന്നും മുസ്ലിംകളെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ലെന്നുമാണ് ഒന്‍പത് മാസം മുന്‍പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ട്രംപ് വ്യക്തമാക്കിയിരുന്നത്. യു.എസ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അറബ് രാജ്യങ്ങളില്‍ നിന്നടക്കം യു.എസിലെത്തുന്നവരുടെ പ്രത്യയശാസ്ത്രം അമേരിക്ക പരിശോധിച്ച ശേഷമേ പ്രവേശനം അനുവദിക്കൂവെന്ന നിലപാടാണ് ട്രംപ് ആവര്‍ത്തിക്കുന്നത്.
മെക്സിക്കോ അതിര്‍ത്തിയില്‍ മതില് നിര്‍മിക്കുമെന്ന കാര്യത്തിലും ട്രംപ് ഉറച്ചു നിന്നു. മതില് നിര്‍മിക്കാനുള്ള ചെലവ് മെക്സിക്കോ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എസില്‍ രണ്ടു ദശലക്ഷം പേര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും താന്‍ അധികാരത്തിലെത്തിയാല്‍ ആദ്യ ദിവസം തന്നെ ഇവരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."