ചെലവില്ലാതെ പാവലും പടവലവും കൃഷി ചെയ്യാം
കേരളത്തില്‍ വില്‍പ്പനയ്ക്കായി കൃഷി ചെയ്യാവുന്ന പ്രധാന ഇനമാണ് പാവലും പടവലവും. ഇതു പോലും ഇപ്പോള്‍ നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും കാശു കൊടുത്തു വാങ്ങുകയാണ്. രണ്ടിന്റേയും കൃഷി രീതി ഒരു പോലെയാണ്. 20-30 സെന്റിഗ്രേഡ് താപനിലയാണ് ഇവയുടെ വളര്‍ച്ചക്ക് അനുയോജ്യമായത്. അതുകൊണ്ട് തന്നെ മഴക്കാലത്ത് കീടബാധ ഏറുന്നതിനാല്‍ ഇവയുടെ കൃഷി അത്ര അനുയോജ്യമല്ല. വളക്കൂറുള്ള ഏത് മണ്ണിലും ഇവ നന്നായി വളരും. പാവക്കയിലെ കയ്പു രസത്തിന് കാരണം മൊമോര്‍ഡിന്‍ എന്ന രാസവസ്തുവാണ്.
ഇനങ്ങള്‍
പാവലില്‍ പ്രിയ, കോ-1, എംഡി യു-1, കോയമ്പത്തൂര്‍ ലോങ് ഗ്രീന്‍, ഹര്‍ക്ക ഹരീത്, പുസ ദോമൗസി എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രീതി, പ്രിയങ്ക എന്നിങ്ങനെ രണ്ട് ഇനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. പടവലത്തില്‍ ടി എ-19, കോ-1, കോ-2, പി കെ എം-1തുടങ്ങിയ ഇനങ്ങള്‍ക്ക് പുറമെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പുറത്തിറക്കിയ ബേബി, മനുശ്രീ എന്നിവയും തിരുവല്ലയിലെ കരിമ്പു ഗവേഷണ കേന്ദ്രത്തില്‍ വികസിപ്പിച്ചെടുത്ത കൗമുദിയുമുണ്ട്.
വിളവെടുപ്പ്
വിത്തുപാകി രണ്ടു മാസമെത്തുമ്പോള്‍ പാവലും പടവലവും വിളവെടുപ്പിന് പാകമാകും. ആറോ-ഏഴോ ദിവസങ്ങള്‍ ഇടവിട്ട് വിളവെടുക്കാം. കായകള്‍ പറിച്ചെടുക്കാന്‍ വൈകുന്നത് പെണ്‍പൂക്കളുടെ ഉത്പാദനത്തേയും വിളവിനേയും ബാധിക്കും.
മത്തന്‍-കുമ്പളം
വിളവെടുപ്പിന് ശേഷം വളരെ കാലം സൂക്ഷിച്ചു വെക്കാന്‍ കഴിയുന്ന ഇനങ്ങളാണ് മത്തനും കുമ്പളവും. വിറ്റമിന്‍ എ മത്തനില്‍ ധാരാളമുണ്ട്. ശരീരത്തിന് ആവശ്യ വൈറ്റമിന്‍ എ മത്തന്റെ ഉപയോഗത്തിലൂടെ ലഭിക്കും. കൂശ്മാണ്ഡ രസായനമുണ്ടാക്കാന്‍ ചെറിയ കുമ്പളമാണ് ഉപയോഗിക്കുന്നത്.
ഇനങ്ങള്‍
അമ്പിളി, സുവര്‍ണ, കോ-1, കോ-2, അര്‍ക്ക ചന്ദന്‍, അര്‍ക്ക സൂര്യമുഖി, പുസ വിശ്വാസ്, സരസ്, സൂരജ് എന്നിവയാണ് മത്തനിലെ പ്രധാന ഇനങ്ങള്‍. കോ-1, കോ-2, എ പി എ യു-ശക്തി, കെ എ യു ലോക്കല്‍, ഇന്ദു എന്നിവയാണ് കുമ്പളത്തിലെ ഇനങ്ങള്‍. മത്തനില്‍ അമ്പിളി, സുവര്‍ണ, സരസ്, സൂരജ് എന്നിവ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയുടെ സംഭാവനയാണ്. കുമ്പളത്തില്‍ കെ എ യു ലോക്കല്‍ വെള്ളാനിക്കര കാര്‍ഷിക സര്‍വകലാശാലയുടേയും ഇന്ദു പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും വികസിപ്പിച്ചവയാണ്.
ചുരക്ക-പീച്ചില്‍
വീട്ടു വളപ്പില്‍ അനായാസം കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറി വിളയാണ് ചുരക്കയും പീച്ചിലും. ഉഷ്ണമേഖല വിളയായ ചുരക്കയും പീച്ചിലും വേനല്‍ക്കാലത്തും വര്‍ഷകാലത്തും കൃഷി ചെയ്യാന്‍ പറ്റും. വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവും ചുരക്കയ്ക്കുണ്ട്. മണ്ണിന്റെ കാര്യത്തില്‍ പ്രത്യേക നിഷ്‌കര്‍ഷയൊന്നും ഇതിനില്ലെങ്കിലും നീര്‍വാര്‍ച്ചയും ഇളക്കവും ഉള്ള മണ്ണാകണമെന്നുമാത്രം.
ഇനങ്ങള്‍
കോ-1, അര്‍ക്ക ബഹാര്‍, പുസ സമ്മര്‍ പ്രോലിഫിക് ലോങ്, പുസ സമ്മര്‍ പ്രോലിഫിക് റൗണ്ട്, പുസ മേഖ ദൂത് (സങ്കരയിനം), പുസ മഞ്ജരി (സങ്കരയിനം), പഞ്ചാബ് കോമള്‍, പഞ്ചാബ് ലോങ്, പുസ നവീന്‍, രാജേന്ദ്ര രശ്മി, പുസ ഹൈബ്രീഡ്-3 (സങ്കരയിനം) എന്നിവ ചുരക്കയിലും കോ-1, കോ-2, പി കെ എം-1, പുസ നസ്ദാര്‍, സത് പുത്യ, അര്‍ക്കസുമിത്, അര്‍ക്ക സുജാത്, ഹരിതം, ദീപ്തി, സുവര്‍ണ മഞ്ജരി, സുവര്‍ണ ഉപഹാര്‍ എന്നിവ പീച്ചിങ്ങ ഇനങ്ങളുമാണ്. ഇതില്‍ ഹരിതം ആര്‍ എ ആര്‍ എസ് പീലിക്കോടിന്റേയും ദീപ്തി ഹോള്‍ട്ടി കള്‍ച്ചര്‍ കോളജ് വെള്ളാനിക്കരയുടേയും സംഭാവനയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."