ഡെങ്കിപ്പനി പ്രതിരോധം തുടങ്ങി
മട്ടന്നൂര്‍: മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പും നഗരസഭയും പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി. ആദ്യഘട്ടത്തില്‍ റസിഡന്‍സ് അസോസിയേഷന്റെ സഹായത്തോടെ നഗരത്തിലെ മുഴുവന്‍ വീടുകളിലും പ്രതിരോധ ഹോമിയോ ഗുളികകള്‍ നല്‍കി.
ഏഴിനു മട്ടന്നൂര്‍ നഗരത്തില്‍ ജനകീയ സഹകരണത്തോടെ ശുചീകരണം നടത്തും. പൊലിസ്, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നഗരസഭാ തൊഴിലാളികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവര്‍ പങ്കെടുക്കും. ഐ.ബി പരിസരം പൊലിസ് സ്റ്റഷന്‍ പരിസരം, ഗവ. ആശുപത്രി പരിസരം, മാര്‍ക്കറ്റ്, പ്രധാന കവലകള്‍ എന്നിങ്ങനെ തിരിച്ചാണു ശിചീകരണം നടത്തുക.
രാവിലെ ഒന്‍പതിന് ആരംഭിക്കും. നഗര പരിസരത്തെ കാടു പിടിച്ചുകിടക്കുന്ന പറമ്പിന്റെ ഉടമകള്‍ക്കു നോട്ടിസയക്കും. ഇതുസംബന്ധിച്ച് നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്റെ നേതൃത്വത്തില്‍ വിപുലമായ യോഗം ചേര്‍ന്നിരുന്നു.
ഡെങ്കിപ്പനിയെ തുടര്‍ന്നു മട്ടന്നൂരില്‍ വ്യാപാരി മരിക്കുകയും നാലുപേര്‍ പനി ബാധിച്ച് ചികിത്സ തേടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നേരിട്ടു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നാഴ്ചയായി തുടര്‍ച്ചയായി ഫോഗിങ്ങും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."