അധ്യാപക ദിനത്തില്‍ ജനപ്രതിനിധികളുടെ ക്ലാസില്ല, പകരം സന്ദേശം
ചെറുവത്തൂര്‍:അധ്യാപക ദിനത്തില്‍ വിദ്യാലയങ്ങളില്‍ ജനപ്രതിനിധികള്‍ നല്‍കുക ജീവിതശൈലി സന്ദേശമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടറുടെ അറിയിപ്പ്. ദേശീയ അധ്യാപക ദിനത്തില്‍ മുഖ്യമന്ത്രിയും ജനപ്രതിനിധികളും വിദ്യാലയങ്ങളില്‍ പഠിപ്പിക്കും എന്ന പ്രഖ്യാപനത്തിനെതിരെ ചില അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കേരള വിദ്യാഭ്യാസ ചട്ട പ്രകാരം വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതിന് വ്യക്തമായ നിബന്ധനകള്‍ ഉണ്ടെന്നിരിക്കെ അതിന്റെ ലംഘനമാണ് ക്ലാസെടുക്കല്‍ എന്ന വാദമാണ് സംഘടനകള്‍ ഉയര്‍ത്തിയത്. പ്രതിഷേധം ശക്തിപ്പെടുന്നതിനിടയില്‍ അധ്യാപക ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ജനപ്രതിനിധികള്‍ ജീവിതശൈലി സന്ദേശമാകും നല്‍കുക എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
പതിമൂവായിരത്തോളം വിദ്യാലയങ്ങളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച് 'ജീവിത ശൈലി'യെ കുറിച്ച് റിട്ടയര്‍ ചെയ്ത അധ്യാപകര്‍ സന്ദേശ പ്രഭാഷണം നടത്തും. മണ്ഡലാടിസ്ഥാനത്തില്‍ ഒരു വിദ്യാലയത്തില്‍ എം.എല്‍. എമാര്‍ ജീവിത ശൈലി സന്ദേശം നല്‍കും. വിവിധ ജില്ലകളില്‍ മന്ത്രിമാരായ കെ.കെ ശൈലജ, കെ.ടി ജലീല്‍,വി.എസ് സുനില്‍ കുമാര്‍, ജി.സുധാകരന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സന്ദേശം നല്‍കുമെന്നും കുറിപ്പിലുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിലും ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."