ഈജിപ്ത്- ഇന്ത്യാബന്ധം കൂടുതല്‍ ശക്തമാക്കും: അല്‍സീസി
ന്യൂഡല്‍ഹി: ഈജിപ്തും ഇന്ത്യയും തമ്മിലുള്ള ബന്ധം വാണിജ്യ സാംസ്‌കാരിക വിനിമയങ്ങളിലൂടെ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ അദ്ദേഹം ചര്‍ച്ച നടത്തി. വ്യാപാരം, സുരക്ഷ, ഭീകരത, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെ കരാറുകളില്‍ ഒപ്പുവച്ചു. ഈജിപ്തിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബിസിനസ് പ്രമുഖര്‍ക്കുമൊപ്പമാണ് അല്‍സീസി രാജ്യത്തെത്തിയത്.
ഇരു രാജ്യങ്ങളും പരസ്പര നിക്ഷേപങ്ങളില്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നു അല്‍സീസി വ്യക്തമാക്കി. അമ്പതോളം ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തന്റെ നാട്ടിലെ സംരംഭകര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിക്കു പുറമെ, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
അല്‍സീസിയുടെ രണ്ടാമത് ഇന്ത്യാ സന്ദര്‍ശനമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യ- ആഫ്രിക്ക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അല്‍സീസി ഇന്നു മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."