ബ്ലാസ്റ്റേഴ്‌സ് പടയൊരുക്കം തകൃതി; ഏഴിന് തായ്‌ലന്‍ഡിലേക്ക് പറക്കും
തിരുവനന്തപുരം: ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഈ മാസം ഏഴിന് തായ്‌ലന്‍ഡിലേക്ക് പറക്കും. ഐ.എസ്.എല്‍ മൂന്നാം പതിപ്പിനു മുന്നോടിയായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യഘട്ട പരിശീലന ക്യാംപ് ആറിനു സമാപിക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് മൈതാനത്ത് പരിശീലനം നടത്തുന്ന ടീം ആറിന് വൈകിട്ടോടെ കൊച്ചിയിലേക്ക് മടങ്ങും. ഏഴിനു മാനേജ്‌മെന്റ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുന്ന ടീം വൈകിട്ടുള്ള വിമാനത്തില്‍ തായ്‌ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് പറക്കും. ഏഴിന് ടീമിനായി ഒരുക്കുന്ന വിരുന്നില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കും. ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, നിമഗ്ഗഡ പ്രസാദ് എന്നിവരും ചടങ്ങിനെത്തും.
ഏഴിന് യാത്ര തിരിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് സംഘം തായ്‌ലന്‍ഡിലെ പരിശീലനത്തിനു ശേഷം 20നു കൊച്ചിയില്‍ തിരിച്ചെത്തും. ബാങ്കോക്കില്‍ പ്രൊഫഷനല്‍ ഫുട്ബാള്‍ ക്ലബുകളുമായി പരിശീലന മത്സരത്തില്‍ ഏറ്റുമുട്ടും. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന ഐ.എസ്.എല്ലില്‍ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം. ഒക്ടോബര്‍ അഞ്ചിന് കൊച്ചിയില്‍ ആദ്യ ഹോം മത്സരത്തില്‍ കൊമ്പന്‍മാര്‍ അത്‌ലറ്റിക്കോ ഡി. കൊല്‍ക്കത്തയുമായി ഏറ്റമുട്ടും.
വലിയ ആവേശത്തിലും ആത്മവിശ്വാസത്തിലുമാണ് ടീമെന്ന് ബ്ലാസ്റ്റേഴ്‌സ് താരം മൈക്കല്‍ ചോപ്ര പറഞ്ഞു. പുതിയ കോച്ച് സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തില്‍ ശക്തമായ തിരിച്ചുവരവിനുള്ള പരിശീലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ സീസണില്‍ കാല്‍ക്കുഴയിലെ പരിക്കും അമിതവണ്ണവും കാരണം നല്ല പ്രകടനം പുറത്തെടുക്കാനായില്ലെന്നും ഇത്തവണ പൂര്‍ണ ആരോഗ്യത്തോടെയാണ് ടീമില്‍ തിരിച്ചെത്തിയതെന്നും മൈക്കല്‍ ചോപ്ര പറഞ്ഞു. ശരീര ഭാരവും നന്നായി കുറഞ്ഞു. മികച്ച ഒരുപിടി താരങ്ങളുടെ കൂടെ വീണ്ടും ബ്ലാസ്റ്റേഴ്‌സിന്റെ കുപ്പായം അണിയുന്നതില്‍ സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം പതിപ്പില്‍ ടീമിലുണ്ടായ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞെന്നും അതിന്റെ ഫലം മൈതാനത്ത് കാണാമെന്നും മലയാളി താരം മുഹമ്മദ് റാഫി പറഞ്ഞു. ആദ്യഘട്ട പരിശീലന ക്യാംപില്‍ നാല് ഗോള്‍കീപ്പര്‍മാര്‍ ഉള്‍പ്പടെ 16 താരങ്ങളാണ് പങ്കെടുക്കുന്നത്. മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ക്യാംപില്‍ എത്തിയിട്ടില്ല. ഹ്യൂസ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ബാങ്കോക്കില്‍ നിന്നു ചേരും. സി.കെ വിനീതും ദേശീയ ക്യാംപിലുള്ള മലയാളി താരം റിനോ ആന്റോയും സന്ദേശ് ജിങ്കാന്‍, വിനീത് റായ്, റഫീഖ് അഹമ്മദ്, ഗുര്‍വീന്ദര്‍ സിങ് എന്നിവവരും അടുത്ത ദിവസങ്ങളില്‍ പരിശീലന ക്യാംപില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."