'എനിക്ക് ദുബൈയില്‍ അന്തിയുറങ്ങണം', മുംബൈയില്‍ വെച്ച് മരണപ്പെട്ട ഇന്ത്യന്‍ വ്യവസായി ഹേംചന്ദ് ഗാന്ധിയുടെ അന്ത്യനിദ്ര തന്നെ താനാക്കിയ മണ്ണില്‍
ദുബൈ: നീണ്ട അറുപ്പത്തിമൂന്നു കൊല്ലം താന്‍ ജീവിച്ച ദുബൈ നഗരത്തില്‍ തന്നെ സംസ്‌കരിക്കണെമെന്നത് ഇന്ത്യന്‍ പ്രവാസി വ്യവസായിയായിരുന്ന ഹേംചന്ദ് ഗാന്ധിയുടെ അന്ത്യാഭിലാഷമായിരുന്നു. ഇതു സാധിച്ചു നല്‍കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ചൊവ്വാഴ്ച മുംബൈയില്‍ വെച്ച് മരണപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ ദുബൈയില്‍ വെച്ച് സംസ്‌കരിച്ചു.
ഇന്ത്യയും യുഎഇയും ഒരേ മനസ്സോടെ ഹേംചന്ദിന്റെ അന്ത്യാഭിലാഷം സഫലമാക്കാന്‍ പ്രവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തെ ദുബൈയില്‍ തന്നെ സംസ്‌കരിക്കാനായത്. ദുബൈ ആസ്ഥാനമായുള്ള എച്ച്എം ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുര്‍ഭുജ് ദാസ് ഗാന്ധിക്ക് 63 വര്‍ഷത്തെ ബന്ധമാണ് ദുബൈയുമായി ഉണ്ടായിരുന്നത്. ഒരുപക്ഷേ ജന്മനാടായ മുംബൈയേക്കാള്‍ അദ്ദേഹം ഇഷ്ടപ്പെട്ടതും ദുബൈയെ ആയിരിക്കണം.
ചൊവ്വാഴ്ച ജന്മനാടായ മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് ഹേംചന്ദ് മരിച്ചത്. പിതാവിന്റെ അന്ത്യാഭിലാഷം യാഥാര്‍ത്ഥ്യമാക്കുന്നതിനായി മക്കള്‍ക്ക് കുറച്ചു കടമ്പകള്‍ കടക്കേണ്ടി വന്നെങ്കിലും പിതാവിന്റെ ആഗ്രഹം പോലെ മൃതദേഹം ജബല്‍ അലിയിലെ പുതിയ സെമിത്തോരിയില്‍ സംസ്‌കരിച്ചു.
1962ല്‍ ബോംബെയില്‍ നിന്ന് ഒമാന്‍ വഴി ബോട്ടില്‍ ദുബൈയില്‍ എത്തിയപ്പോള്‍ ഹേംചന്ദിന്റെ പോക്കറ്റില്‍ ഒരു മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റും 300 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയിക്കാന്‍ ദൃഢനിശ്ചയം ചെയ്ത അദ്ദേഹം, ഹൈ സ്പീഡ് ടൈപ്പിംഗിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് കാരണം ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡില്‍ ഈസ്റ്റില്‍ ടൈപ്പിസ്റ്റായി ജോലി നേടി. ഇതിനു മുമ്പ് ഒരു റേഡിയോ മെക്കാനിക്കായും അദ്ദേഹം ജോലി ചെയ്തിരുന്നു.
ദുബൈയിലെ വ്യാപാര മേഖലയില്‍ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ അദ്ദേഹം ഉച്ചയ്ക്ക് 2 മണിക്ക് ബാങ്ക് അടച്ചതിനുശേഷം ഒരു പാര്‍ട്ട് ടൈം ഫൂഡ് ബിസിനസ്സ് ഏറ്റെടുത്തു. 18 വര്‍ഷത്തെ ജോലിക്ക് ശേഷം അദ്ദേഹം ബാങ്ക് വിട്ട് മുഴുവന്‍ സമയവും ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
1978 ല്‍ അദ്ദേഹം എംഎച്ച് എന്റര്‍പ്രൈസസ് സ്ഥാപിച്ചു. അത് പിന്നീട് യുഎഇയിലും അതിനപ്പുറത്തും ഭക്ഷ്യ വിതരണത്തില്‍ ഒരു മുന്‍നിര പേരായി മാറി. കമ്പനി തുടങ്ങിയ ആദ്യകാലങ്ങളില്‍ ഭക്ഷണം വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും അദ്ദേഹം തനെിന ട്രക്ക് ഡ്രൈവറായി വര്‍ത്തിച്ചിരുന്നു.
1986ല്‍, MENA മേഖലയിലെ മൊത്തവ്യാപാര, കയറ്റുമതി ബിസിനസ്സ് സുഗമമാക്കുന്നതിനായി അദ്ദേഹം അല്‍ റാസില്‍ ഒരു കട തുറന്നു. 1992ല്‍ ഭക്ഷണത്തിന്റെയും വ്യാവസായിക രാസവസ്തുക്കളുടെയും വേഗത്തിലുള്ള ഡെലിവറിക്കായി ഒരു വലിയ വെയര്‍ഹൗസുള്ള ഒരു കെമിക്കല്‍ ഡിവിഷന്‍ സ്ഥാപിക്കാന്‍ ആയതോടെ ഹേംചന്ദ് വ്യവസായ ലോകത്ത് തന്റേതായ ഇരിപ്പിടം കണ്ടെത്തി.
ഹേംചന്ദിന്റെ മൃതദേഹം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എത്തിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഒരു സ്ഥിരമായ പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നില്ല. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുംബൈ പൊലിസ്, യുഎഇ, ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍, ദുബൈ പൊലിസ്, ദുബൈ മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ ഇരു രാജ്യങ്ങളിലെയും ഏജന്‍സികളില്‍ നിന്ന് നിരവധി അംഗീകാരങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇതെല്ലാം നേടിയെടുക്കാന്‍ ഹേംചന്ദിന്റെ മകനായ മനീഷിനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."