ബീരേന്‍ സിങ്ങിന് പകരക്കാരനെ കണ്ടെത്താനായില്ല; മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ രാജിയെത്തുടര്‍ന്ന് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി ബിരേന്‍ സിങ്ങ് രാജിവച്ച് നാല് ദിവസത്തിന് ശേഷമാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വംശീയ കലാപത്തില്‍ 250ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ഏകദേശം 21 മാസങ്ങള്‍ക്ക് ശേഷമാണ് ബീരേന്‍ സിങ്ങ് രാജിവച്ചത്.
'ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി മണിപ്പൂരിലെ സര്‍ക്കാരിന് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത ഒരു സാഹചര്യം സംജാതമായിട്ടുണ്ട്, അതിനാല്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 നല്‍കുന്ന അധികാരങ്ങളും, അതിനായി എനിക്ക് പ്രാപ്തമാക്കുന്ന മറ്റെല്ലാ അധികാരങ്ങളും വിനിയോഗിച്ചുകൊണ്ട്, മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സംസ്ഥാന ഗവര്‍ണറില്‍ നിക്ഷിപ്തമായതോ പ്രയോഗിക്കാന്‍ കഴിയുന്നതോ ആയ എല്ലാ അധികാരങ്ങളും ഞാന്‍ ഇന്ത്യയുടെ പ്രസിഡന്റായി ഏറ്റെടുക്കുന്നുവെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു,' മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി കൊണ്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ഫെബ്രുവരി 9 ന്, സംസ്ഥാന നിയമസഭ ബജറ്റ് സമ്മേളനത്തിനായി ചേരുന്നതിന് ഒരു ദിവസം മുമ്പാണ് മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് രാജി സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് തൊട്ടടുത്ത ദിവസം നടക്കേണ്ടിയിരുന്ന ബജറ്റ് സമ്മേളനം റദ്ദാക്കിയിരുന്നു.
'ഇതുവരെ മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. ഓരോ മണിപ്പൂരിയുടേയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികള്‍, ഇടപെടലുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, വിവിധ പദ്ധതികള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാരിനോട് ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്,' സിങ്ങ് തന്റെ രാജി കത്തില്‍ പറഞ്ഞു.
ബിരേന്‍ സിങ്ങ് രാജിവച്ചതിനുശേഷം മണിപ്പൂരിലെ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നിയമസഭാംഗങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മെയ്‌തെയി, കുക്കി സമുദായങ്ങള്‍ക്കിടയില്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഏകദേശം 250 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. എന്നാല്‍ പിന്നീട് അത് സംസ്ഥാനം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. അക്രമം വ്യാപിച്ചതിന് ബിരേന്‍ സിങ്ങിനെ പ്രതിപക്ഷവും കുക്കി സമൂഹവും കുറ്റപ്പെടുത്തിയിരുന്നു.
Biren Singh could not find a replacement; President's rule was imposed in Manipur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."