കളിക്കളത്തിൽ അവൻ മെസിയെ പോലെയാണ്: മുൻ ഇംഗ്ലണ്ട് താരം
ലണ്ടൻ: ആഴ്‌സണൽ യുവതാരം ഏതൻ ന്വാനേരിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം ജോ കോൾ. ഏതൻ ന്വാനേരിയെ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുമായി താരതമ്യം ചെയ്താണ് കോൾ സംസാരിച്ചത്. ലെസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലണ്ട് താരം.
'കളിക്കളത്തിൽ എതിർ ടീമിന്റ ബോക്സിനുള്ളിലും മറ്റ് പൊസിഷനുകളിലും അവൻ നടത്തുന്ന ചെറിയ ടച്ചുകൾ മികച്ചതാണ്. ഞാൻ ഈ പറയാൻ പോലും ആഗ്രഹിക്കുന്നില്ല എങ്കിലും ലയണൽ മെസിയെ പോലെയാണ് അവനും. അവന്റെ മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അവന്റെ ഓരോ ടച്ചുകളും ഡിഫൻഡർമാരെ മറികടക്കാൻ സഹായിക്കുന്നതാണ്. അവൻ വളരെ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ആഴ്സണലും മൈക്കൽ അർട്ടെറ്റയും അവനെ മികച്ച രീതിയിൽ സംരക്ഷിക്കണം,' ജോ കോൾ പറഞ്ഞു.
മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആഴ്‌സണൽ വിജയിച്ചിരുന്നത്. മത്സരത്തിൽ പീരങ്കിപടക്ക് വേണ്ടി മൈക്കൽ മെറിനോ ഇരട്ട ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ ഏതൻ ന്വാനേരി ഒരു അസിസ്റ് നേടികൊണ്ടാണ് കളംനിറഞ്ഞു കളിച്ചത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 25 മത്സരങ്ങളിൽ നിന്നും 15 ജയവും എട്ട് സമനിലയും രണ്ട് തോൽവിയും അടക്കം 53 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആഴ്‌സണൽ. 57 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്തുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."