in depth: എന്തിനാണിങ്ങനെ ചെയ്തത്.. എനിക്കിനിയിവിടെ അന്തിയുറങ്ങണ്ട.. ഉറ്റവരുടെ മീസാൻ കല്ലുകൾ കാണാതെ ചങ്കുപൊട്ടി ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വൈകാരിക കുറിപ്പ്
കോഴിക്കോട്: മീസാൻ കല്ലുകൾ പിഴുതെറിയപ്പെട്ടതിനാൽ ഉമ്മയുടെയും അനുജൻ്റെയും പെങ്ങളുടെയും ഖബറിനരികിൽ പ്രാർഥിക്കാൻ കഴിയാതെ മനംനൊന്ത് വൈകാരിക കുറിപ്പുമായി മലയാളത്തിന്റെ പ്രിയ കഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ഏറെ പ്രിയപ്പെട്ടവരുടെ ഖബറിടത്തിൽ പ്രാർഥന നടത്താൻ റമളാൻ 27ാം രാവിന് വളപട്ടണം മന്ന ഖബർസ്ഥാനിലെത്തിയപ്പോഴാണ് ഖബറുകൾക്ക് മുകളിലെ ഫലകങ്ങൾ സാമൂഹികദ്രോഹികൾ അടർത്തിയെടുത്ത് വലിച്ചെറിഞ്ഞത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉറ്റവരുടെ ഖബറുകളേതെന്ന് തിരിച്ചറിയാനാവാത്ത വിധം, മീസാൻ കല്ലുകൾ പിഴുതെറിഞ്ഞും പരിസരമാകെ വൃത്തികേടാക്കിയും ഖബർസ്ഥാൻ ആരോ വികൃതമാക്കിയിരിക്കുന്നു. മരിച്ചവരുടെ ബന്ധുക്കൾ ഉപ്പയുടെയും ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും ഖബർ എവിടെയെന്ന് തിരിച്ചറിയാനാവാതെ നിസ്സഹായരായി തേങ്ങലടക്കി പരതി നടക്കുന്ന കാഴ്ച ഹൃദയേഭേദകമായിരുന്നെന്നും പൊയ്ത്തുംകടവ് പറയുന്നു. കാൽനൂറ്റാണ്ടിലേറെയായി തൃശൂരിലാണ് താമസിക്കുന്നതെങ്കിലും വളപട്ടണത്തിന്റെ ഊടുവഴികളിലൂടെ നടക്കുമ്പോൾ, മരിച്ചാൽ വളപട്ടണത്ത് തന്നെ കിടക്കണമെന്ന് താൻ അതിയായി ആഗ്രഹിക്കാറുണ്ടെന്ന് പറയുന്ന കഥാകാരൻ, ഇന്നലത്തെ സംഭവങ്ങൾ കണ്ടപ്പോൾ തന്നെ തൃശൂരിൽ തന്നെ ഖബറടക്കിയാൽ മതി എന്ന് ശക്തമായി തോന്നിപ്പോയെന്നും അതിനു മാത്രം വേദനാജനകമായ രംഗത്തിനാണ് താൻ സാക്ഷ്യം വഹിച്ചതെന്നും വേദനയോടെ കുറിക്കുന്നുണ്ട്. മന്ന ഖബർസ്ഥാന്റെ അപൂർവതയും പൗരാണിക ചരിത്രവും വളപട്ടണത്തിന്റെ പ്രൗഢിയുമെല്ലാം വിവരിക്കുന്ന അദ്ദേഹം, കേരളവും ഗൾഫ് പ്രവാസികളും ഒരായുഷ്ക്കാലം മുഴുവൻ ആഘോഷിച്ച അതിപ്രശസ്ത ഗായകൻ പീർമുഹമ്മദിന്റെ ഖബറിന് മുകളിലെ പിഴുതെറിയപ്പെട്ട മീസാൻ കല്ലിന്റെ ചിത്രസഹിതമാണ് കുറിപ്പ് പങ്കുവച്ചത്. മരിച്ചവരെ അപമാനിക്കുന്ന നീചകൃത്യത്തിനെതിരേ ശക്തമായി വിയോജിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്, പീർമുഹമ്മദിന്റെ ആത്മാവിനോട് മാപ്പ് ചോദിച്ചാണ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ഇന്നലെ വൈകുന്നേരം വളപട്ടണം മന്ന ഖബർസ്ഥാനത്ത് പോയി.
ഉമ്മ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. തൊട്ടടുത്ത് 25 വർഷം മുമ്പ് ബൈക്കപകടത്തിൽ മരിച്ച അനുജൻ്റെ ഖബറാണ്. അതിന് ചേർന്നു കിടക്കുന്നത് നാല് വർഷം മുമ്പ് ക്യാൻസർ വന്നു മരിച്ച പെങ്ങൾ ഹസീനയുടെ ഖബർ. എന്ത് കൊണ്ടും വളരെ ഇമോഷണലായിപ്പോകുന്ന സ്ഥലം. ഇടയ്ക്ക് നാട്ടിലെത്തുമ്പോൾ ഈ മൂന്ന് ഖബറിടങ്ങൾ സന്ദർശിച്ച് പ്രാർത്ഥിച്ച് മടങ്ങാറുണ്ട്.
വളരെ ചരിത്രഖണ്ഡങ്ങൾ ഉറങ്ങിക്കിടക്കുന്ന അതിവിശാലവും പൗരാണികവുമായ സ്ഥലമാണ് മന്നഖബർ. കേരളത്തിൽ അപൂർവ്വമായി കാണാറുള്ള ഘടനയാണ് ഈ ഖബർസ്ഥാനത്തിൻ്റെത്. കാരണം, ഇത് ചെങ്കല്ല് കൊണ്ട് ഭൂമിക്കടിയിൽ പണിത റെഡിമെയ്ഡ് ഖബറാണ്. കേരളത്തിൽ മറ്റെവിടെയെങ്കിലും ഇത്തരമൊരു ഖബർശൈലി ഉണ്ടോ എന്ന് സംശയമാണ്. പല നാട്ടുകാരോടും ചോദിച്ചു. അങ്ങനെ ഒന്നില്ലെന്ന് പറയുന്നു. ഉണ്ടായിരിക്കാം. അറിയില്ല.
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ ഖബർസ്ഥാന് വളപട്ടണം ദേശത്തെപ്പോലെ തന്നെ വലിയ ചരിത്രമുണ്ടെന്ന് ഞാൻ എന്നാലാവും വിധം പഠിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഈ മനസ്സിലാക്കലിൻ്റെ വെളിച്ചത്തിൽ പറയട്ടെ, ഇതൊരു അത്ഭുതമാണ്.. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഇത് പോലൊരു ഖബർ സ്ഥാൻ കേരളത്തിൽ അപൂർവ്വമാണ്. ഇത്രയും സ്ഥലത്ത് ചെങ്കല്ല് പാകി തയ്യാറാക്കിയ റെഡിമെയ്ഡ് ഖബർ കുഴിച്ചുണ്ടാക്കുക എന്നത് വലിയ അത്ഭുതവും മനുഷ്യസാധ്യവുമാണെന്ന് വിശ്വസിക്കാൻ പ്രയാസവുമാണ്. ഇത് ജിന്ന് ഉണ്ടാക്കിയതാണെന്നാണ് എൻ്റെ ഉമ്മാമ പറയാറ്. പഴയ ആളുകൾ അങ്ങനെ വിശ്വസിക്കാറുണ്ട്. എൻ്റെ എല്ലാ ബന്ധുമിത്രാദികളും മരണാനന്തരം ഇവിടെയാണ് ഉറങ്ങുന്നത്.
ചരിത്ര കൗതുകം കൊണ്ട് ഞാനീ ഖബറിൻ്റെ നിർമ്മിതിയെപ്പറ്റി പഠിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് കിട്ടിയ ഉത്തരം ഇതാണ്. 1817മുതൽ 1924 വരെ നാല് ഘട്ടങ്ങളായി കേരളത്തിൽ പടർന്നു പിടിക്കുകയും കൂട്ടമരണങ്ങളുടെ നിലവിളികൾ മുഴങ്ങിയ കേരള ചരിത്രത്തിലെ മഹാദുരന്തകാലമായ കോളറാ പിരിയഡിൽ, കൂട്ടമായി മരിച്ചവരെ ഖബറടക്കാൻ പട്ടാളക്കാരുടെ സഹായത്തോടെ പണിത് വെച്ച ഖബറുകളാവാം വളപട്ടണം ഖബർസ്ഥാൻ.. വളപട്ടണം വളരെ പ്രശസ്തമായ ഒരു പൗരാണിക തുറമുഖ നഗരമായതിനാൽ ജനസാന്ദ്രമായ ഒരു സ്ഥലം കൂടിയാണ്, പണ്ടേ വലിയ കച്ചവട / ഭരണ സിരാ കേന്ദ്രവും ആണ്. അറബ് വംശജരുടെയും സൂഫികളുടെയും സാന്നിധ്യം ഈ കച്ചവട പൗരാണിക നഗരത്തിൽ സജീവമായിരുന്നു. സംഗീതവും ഫുട്ബോൾകളിയുമൊക്കെ അതിൻ്റെ രണ്ട് ഹൃദയമാണ്.
ഇതിൻ്റെയൊക്കെ ഉപലബ്ധി യാവണം ഈ അമ്പരപ്പിക്കും വിധം വിസ്തൃതിയും നിറയെ റെഡിമെയ്ഡ് ഖബറുകളും ഉണ്ടാവാൻ കാരണം. പ്രശസ്ത ചരിത്രകാരനായ ചിറക്കൽ ടി ബാലകൃഷ്ണൻ നായർ തൊട്ട് എൻ്റെ പ്രിയ സ്നേഹിതൻ ഈയ്യ വളപട്ടണം വരെയായി, ഈ നാടിൻ്റെ ചരിത്രത്തെ അടയാളപ്പെടുത്തിയ കുറച്ച് മിടുക്കരായ എഴുത്തുകാർ ഇതേപ്പറ്റിയൊക്കെ പല പാട് എഴുതിയിട്ടുണ്ട്.
ഞാൻ പറഞ്ഞു വന്നത് ഇതാണ്. : ഇത് സാധാരണ ഖബർസ്ഥാനല്ല. കുറെക്കാലം കാടും പടലും പിടിച്ചു കിടന്ന ഈ സ്ഥലം കുറച്ച് നാൾ മുമ്പ് പ്രബുദ്ധരായ കുറച്ച് ചെറുപ്പക്കാർ മുൻകൈയെടുത്ത് വൃത്തിയാക്കി, നല്ല മനോഹരമായ നടപ്പാത ഉണ്ടാക്കി, മതിലുകളിൽ വളരെ ആകർഷകവും സാമൂഹ്യ പ്രതിബദ്ധതയെ ഓർമ്മിപ്പിക്കുന്ന പരിശുദ്ധ വചനങ്ങൾ എഴുതിച്ച് മനോഹരമായി ഒരു ആത്മീയാനുഭവമാക്കി ഖബർസ്ഥാനത്തെ മാറ്റി. ലോകത്തിലെ സംസ്ക്കാരസമ്പന്നരായ ഒരു രാജ്യവും അവരുടെ ശ്മശാനങ്ങളെ അലങ്കോലമാക്കി വെച്ചിട്ടില്ല. അത് പ്രശാന്തതയുടെയും ഭംഗിയുടെയും സ്ഥലമായിട്ടാണ് കാണാൻ കഴിയുക. ശ്മശാനഭൂമി എന്നാൽ ചുടുകാട് ആണ് എന്ന അഭിപ്രായം ശുദ്ധ വിവരക്കേടാണ്.
ഞാൻ വളപട്ടണം വിട്ട് തൃശൂരിൽ വീട് വെച്ച് പാർപ്പ് തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. നാട്ടിൽ വരുമ്പോൾ വളപട്ടണത്തിൻ്റെ വിലപ്പെട്ട ചരിത്ര സ്ഥലികളിലൂടെ, ഇടവഴികളിലൂടെ പുഴയോരത്ത് കൂടി തനിച്ചോ സുഹൃത്തുകളുമൊത്തോ നടക്കും. അപ്പോഴൊക്കെ ഓർക്കും. ഞാൻ മരിച്ചു പോയാൽ വളപട്ടണത്ത് വന്നു കിടക്കണം. ചരിത്രസ്ഥലികളാൽ അഭിമാന പൂരിതമായ എൻ്റെ നാട്.
പക്ഷേ, അത് വേണ്ട, എന്നെ തൃശൂരിൽ ഖബറടക്കിയാൽ മതി എന്നെനിക്ക് ഇന്നലെ ശക്തമായി തോന്നി. അതിനു മാത്രം വേദനാജനകമായ രംഗത്തിനാണ് ഞാൻ സാക്ഷ്യം വഹിച്ചത്. ഉമ്മയുടെയും അനുജൻ്റെയും പെങ്ങളുടെ ഖബർ സന്ദർശിച്ച് പ്രാർത്ഥിക്കാൻ പോയ ഞാൻ അതിനു കഴിയാതെ മടങ്ങി. പല ഭാഗത്തേക്കും പലരുടെയും ഖബറടയാളങ്ങൾ വലിച്ചെറിഞ്ഞ ഹൃദയഭേദകമായ കാഴ്ചയിൽ നടുങ്ങി ഞാൻ മടങ്ങി.. ഖബർ സ്ഥാൻ്റെ പല ഭാഗങ്ങളും വികൃതവും വിരൂപവുമായിരിക്കുന്നു. ഓർക്കണം, റമളാൻ 27 ആണ്. അവിടെ മരിച്ചവരുടെ ബന്ധുക്കൾ അവരുടെ ഉപ്പയുടെയും ഉമ്മയുടെയും കൂടപ്പിറപ്പുകളുടെയും ഖബർ എവിടെയെന്ന് തിരിച്ചറിയാനാവാതെ നിസ്സഹായരായി പലരും തേങ്ങലടക്കി പരതി നടക്കുന്നു! ഫലകങ്ങൾ അടർത്തിയെടുത്ത് ഏതോ സാമൂഹ്യദ്രോഹികൾ തലങ്ങും വിലങ്ങും വലിച്ചെറിഞ്ഞിരിക്കുന്ന കാഴ്ച ഹൃദയഭേദകമായ രംഗം തന്നെയായിരുന്നു. വലിച്ചെറിഞ്ഞ കൂട്ടത്തിൽ ദൂരെ ഒരിടത്ത് അനാഥമായി തെറിച്ചു കിടക്കുന്ന ഫലകത്തിലെ ഒരു പേര് വായിച്ച് ഞാൻ ഏറെ നേരം സ്തബ്ധനായി നിന്നു പോയി. അത് കേരളവും ഗൾഫ് പ്രവാസികളും ഒരായുഷ്ക്കാലം മുഴുവൻ ആഘോഷിച്ച അതിപ്രശസ്തനായ ഗായകൻ്റെതായിരുന്നു. പേര് പീർമുഹമ്മദ്!
എന്താണ് പറ്റിയതെന്നറിയില്ല.
വിവരവും ആത്മീയ വിദ്യാഭ്യാസവും ചരിത്രബോധവും ഇല്ലാത്ത ഏതോ സാമൂഹ്യദ്രോഹികൾ ചെയ്തതാവാം. അല്ലെങ്കിൽ മനോവൈകല്യമുള്ളവരാവാം. ചികിത്സ ആവശ്യപ്പെടും വിധം സഹതാപം അർഹിക്കുന്ന മനോവൈകല്യവും അജ്ഞതയും ബാധിച്ചവരാവാം.
വളപട്ടണം ദേശം കലയുടെയും അപരസ്നേഹത്തിൻ്റെയും ആശയവിയോജിപ്പിലും അഭിപ്രായ ഭിന്നതയ്ക്കിടയിലും താരതമ്യേന സൗഹാർദ്ദവും സ്നേഹവും സൂക്ഷിക്കുന്നവരാണ് എന്നാണെൻ്റെ ധാരണയും അറിവും. അറബ് നാടുകളും അമേരിക്കയുമടക്കം ഞാൻ ഒരുപാട് സഞ്ചരിച്ചിട്ടുണ്ട്. അവരെല്ലാം ഏറ്റവും അഭിമാനകരമായി സൂക്ഷിച്ചു വെക്കുന്ന ഒന്നുണ്ട്. അവരുടെ ചരിത്രം. അതെ, ചരിത്രം പോലെ വിലപിടിപ്പുള്ള മറ്റൊന്നും ഈ ദുനിയാവിലില്ല. കാരണം, അത് ഉണ്ടാക്കാൻ കഴിയില്ല. ഉണ്ടാവുന്നതാണ്. പ്രകൃതി നമുക്ക് നേരിട്ട് തരുന്ന അമൂല്യ നിധിയാണ്. സംസ്കാരബോധവും മറ്റ് ലോകങ്ങളെ കണ്ടുപഠിക്കാൻ ശ്രമിക്കുന്ന സംസ്കാരമുള്ള മനുഷ്യരൊക്കെ അത് വലിയ അഭിമാനമായി കൊണ്ടു നടക്കും. നമ്മുടെ വീടുകൾ വലുതും ഭംഗിയുള്ളതും ആവുന്നത് അഭിമാനകരമാണ്. പക്ഷേ, അത് പോലെത്തന്നെ, ഒരു പക്ഷേ, അതിനെക്കാൾ അഭിമാനകരം നാടിൻ്റെ ചരിത്രമാണ്. ഇത്തരം മഹത്തായ ചരിത്രത്തെ അലങ്കോലമാക്കുന്നത് സംസ്കാര ശൂന്യതയോ ശുദ്ധ തെമ്മാടിത്തരമായിട്ടോ മാത്രമേ വിവരമുള്ള മനുഷ്യർ മനസ്സിലാക്കി വെക്കൂ.
വളപട്ടണത്തിൻ്റെ സവിശേഷവും അഭിമാനകരവുമായപാരമ്പര്യത്തെ കരുതലോടെ സൂക്ഷിക്കാൻ ഓരോ ദേശവാസിക്കും ബാധ്യതയുണ്ട്. നമ്മളെല്ലാം നാളെ മരണത്തിൻ്റെ രുചിയറിയേണ്ടവരാണ്. പോയി കിടക്കുന്ന ആ സ്ഥലം ഇവ്വിധം അലങ്കോലമാക്കുക വഴി വളപട്ടണത്തെ ഒരോ മനുഷ്യനും അപമാനിക്കപ്പെടുകയാണ്. ഇതിനെപ്പറ്റി അലസരായിരിക്കരുത്.
പണ്ട് മദ്യപിച്ച കുപ്പികൾ ചിലർ ഖബർസ്ഥാനത്തേക്ക് വലിച്ചെറിഞ്ഞ സംഭവം ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ മദ്യക്കുപ്പിക്ക് പകരം മറ്റേതോ ദുഷ്ടത ഭാവനയുടെ മദോത്മത്തത ബാധിച്ചത് കൊണ്ടാണോ ഈ അഴിഞ്ഞാട്ടം എന്നറിയില്ല. മരിച്ച മനുഷ്യരെ അപമാനിക്കുന്ന ഈ മനോവൈകല്യത്തെ എന്ത് പേരിടണം എന്നെനിക്കറിയില്ല.
എന്തായാലും പീർമുഹമ്മദിൻ്റെ ഖബർസ്ഥാനത്തിന് അടയാളം കണ്ടുപിടിക്കാനായി വെച്ച ഫലകം വലിച്ചെറിഞ്ഞവർ ചെയ്ത തെറ്റ് അജ്ഞതയോ അല്പജ്ഞാനം കൊണ്ടോ മനോവൈകല്യം കൊണ്ടോ ചെയ്തതാവാം. ഈ ദുഷ്ടകൃത്യത്തിന് എൻ്റെ അന്വേഷണത്തിൽ ഒരു മതസംഘടയ്ക്കും രാഷ്ട്രീയപാർട്ടിക്കും പങ്കില്ല. ചെയ്തത് തികഞ്ഞ തെറ്റാണെന്ന് ഒരേ സ്വരത്തിൽ സംഘടനാ ഭേദമന്യേ എല്ലാവരും പറയുന്നു. അതാരാണെന്നും എനിക്കറിയില്ല.
പിന്നെ അതാരാവും ചെയ്തിരിക്കുക എന്ന് അന്വേഷിക്കാനുള്ള കടമ വളപട്ടത്തെ പൗരന്മാർക്കുണ്ട്. മരിച്ചു കിടക്കുന്നിടം പോലും അശാന്തമാക്കുന്ന സാമൂഹ്യ ശല്യക്കാരെ കണ്ടുപിടിക്കാൻ കക്ഷി രാഷ്ട്രീയഭേദങ്ങൾക്കായി സംഘടിക്കേണ്ടതുണ്ട് - മരിച്ചവർ ഒരു തെറ്റും ചെയ്യാത്തവരാണ്. അവരെ അപമാനിക്കാൻ ആർക്കും അർഹതയില്ല. ശത്രുക്കൾ തമ്മിൽ യുദ്ധമുഖത്ത് പോലും ഈ തെറ്റ് ചെയ്യാറില്ല. അപൂർവ്വം അങ്ങനെ ചെയ്തിട്ടുണ്ട്. അവരുടെ പേര് നീചാത്മാക്കളുടെ പട്ടികയിലേ നാം വായിച്ചിട്ടുള്ളൂ.
എനിക്കറിയാവുന്ന പണ്ഡിതരോടും പൗരപ്രമുഖരോടുമൊക്കെ ഇതേപ്പറ്റി ഇന്നലെ ഫോണിൽ വിളിച്ച് ചോദിച്ചു. സുന്നി മുജാഹിദ്- ജമാ അത്ത് ഭേദമന്യേ ആ പണ്ഡിതർ ഒരേ സ്വരത്തിൽ പറഞ്ഞതിങ്ങനെ:
മരിച്ചു കിടക്കുന്നിടത്ത് വന്ന് ഉപദ്രവിക്കുന്നത് തികഞ്ഞ ആത്മീയവിരുദ്ധമാണ്. അതും ഈ വിശുദ്ധ മാസത്തിൽ!
പീർമുഹമ്മദ് എന്ന ഇതിഹാസ സമാനമായ, മലയാളികൾ ഒന്നടങ്കം ആദരിക്കുന്ന പ്രശസ്തനായ കലാകാരനോട് ചെയ്ത ഈ സാമൂഹ്യ വിരുദ്ധപ്രവർത്തിക്ക് ഒരു വളപട്ടണത്തുകാരൻ എന്ന നിലയിൽ ഞാൻ അങ്ങേയറ്റം ലജ്ജിക്കുകയും അദ്ദേഹത്തിൻ്റെ ആത്മാവിനോട് മാപ്പ് ചോദിക്കുകയും ചെയ്യുന്നു.
— with Eyya Valapattanam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."