ആര്‍.എസ്.എസിനെ അനുകരിച്ച് സി.പി.എമ്മും: മുഖ്യമന്ത്രിയുടെ നാട്ടില്‍ അണികള്‍ക്ക് കളരിപരിശീലനം
കണ്ണൂര്‍: ആര്‍.എസ്.എസ് ആയുധപരിശീലനത്തെ റെഡ്‌വളന്‍ഡിയര്‍മാരെ ഉപയോഗിച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ച സി.പി.എം കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ കളരികള്‍ തുടങ്ങുന്നു.
ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ ബാനറിലാണ് പാര്‍ട്ടി അണികള്‍ക്ക് കളരിപരിശീലനമാരംഭിക്കുന്നത്. ജില്ലയിലെ വിദഗ്ധരായ കളരി ആശാന്‍മാരാണ് പരിശീലകര്‍. ഇതിന്റെ തുടക്കം മുഖ്യമന്ത്രിയുടെ നാടായ പിണറായി ഓലയമ്പലത്ത് ഇന്ന് നടക്കും.
വൈകിട്ടു മൂന്നിന് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഇതിനോടൊപ്പം കളരി അഭ്യാസ പ്രദര്‍ശനവും നടക്കും.
ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്ററിന്റെ പ്രഥമ കളരിപരിശീലന കേന്ദ്രമാണ് പിണറായിയില്‍ തുടങ്ങുന്നത്. തൊണ്ണൂറു ദിവസം നീളുന്ന പരിശീലനപരിപാടിയാണ് നടത്തുന്നത്. കളരിഗുരുക്കള്‍ വത്‌സന്‍ ചമ്പാടാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. പരിശീലനശേഷം ജില്ലാതല കളരി പ്രദര്‍ശനവും നടത്തും.
പാര്‍ട്ടി ഗ്രാമത്തിലെ യുവാക്കളെയാണ് കളരിപരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. ആദ്യഘട്ടത്തില്‍ പരിശീലനം നടത്തുന്ന ഇവരെ ഉപയോഗിച്ചു പഴയ ഗോപാലന്‍ സേനയുടെ മാതൃകയില്‍ കായിക പരിശീലന സേന രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."