സഹയാത്രികരെ രക്ഷിക്കൂ: റോഡപകടങ്ങളില്‍ പ്രഥമ ശുശ്രൂഷയ്ക്ക് പൊലിസിന്റെ കര്‍മസേന
തിരുവനന്തപുരം: നമ്മുടെ സഹയാത്രികരെ രക്ഷിക്കൂ എന്നലക്ഷ്യവുമായി സംസ്ഥാന പൊലിസ് കര്‍മസേനയ്ക്ക് രൂപം നല്‍കി. സോഫ്റ്റ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍, തട്ടുകടക്കാര്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി നിരത്തുകളിലോ സമീപത്തോ കൂടുതല്‍ സമയം ഉണ്ടാകുന്നവരെയാണ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. വാഹനാപകടം, തീപിടിത്തം എന്നിവപോലുള്ള അടിയന്തരഘട്ടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് നല്‍കാവുന്ന പ്രഥമശുശ്രൂഷാസംവിധാനത്തെക്കുറിച്ചും ഇവര്‍ക്ക് പരിശീലനം നല്‍കും.
അക്രമപ്രവര്‍ത്തനങ്ങളിലും മറ്റും മരണപ്പെടുന്നവരേക്കാള്‍ പത്തിരട്ടിയിലേറെ പേര്‍ റോഡപകടങ്ങള്‍ മൂലം പ്രതിവര്‍ഷം മരണമടയുന്നു. ശരിയായ പ്രഥമശുശ്രൂഷ ലഭിക്കാത്തതുകൊണ്ടോ, ആശുപത്രിയില്‍ എത്താന്‍ വൈകുന്നതുകൊണ്ടോ ആവാം പലരുടെയും പരുക്കുകള്‍ ഗുരുതരമാകുന്നതും മരണം സംഭവിക്കുന്നതും. ഇതു പരിഹരിക്കാനാണ് അപകടങ്ങളെക്കുറിച്ചും അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിനും അവബോധം ലഭിച്ച കര്‍മസേനയ്ക്ക് രൂപം നല്‍കിയത്.
റോഡപകടത്തില്‍ പരുക്കേറ്റയാളെ സംബന്ധിച്ച് അപകടശേഷമുള്ള ആദ്യമണിക്കൂറില്‍ ലഭിക്കേണ്ട ശരിയായ പ്രഥമശുശ്രൂഷയാണ് ജീവന്‍ നിലനിര്‍ത്താനും പരുക്കുകളുടെ കാഠിന്യം കുറയ്ക്കാനും സഹായിക്കുന്നത്. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ വെള്ളം നല്‍കേണ്ടാത്ത സമയത്ത് നല്‍കുക, ഇരുത്താന്‍ പാടില്ലാത്ത വിധം ഇരുത്തുക തുടങ്ങിയവ മൂലം ചെയ്യുന്ന പലതും മരണത്തിനിടയാക്കും. ഇത് ഒഴിവാക്കുന്നതിന് ഫലപ്രദമായ ശുശ്രൂഷയും ട്രോമാ കെയറും നല്‍കാനുള്ള പരിശീലനം സേനാംഗങ്ങള്‍ക്ക് നല്‍കും. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ ധനസഹായത്തോടെയാണ് പരിശീലനം നല്‍കുന്നത്.
ഓരോ സര്‍ക്കിളിലും ഇന്‍സ്‌പെക്ടറുടെ നിയന്ത്രണത്തില്‍ 50 പേര്‍ അടങ്ങുന്നവരായിരിക്കും സേന അംഗങ്ങള്‍. ഇവര്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കും. ആദ്യ ഘട്ടമായി തിരുവനന്തപുരത്തു സേനയ്ക്ക് രൂപം നല്‍കി. 1400 പേരാണ് തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലെ സേനാഗംങ്ങള്‍. ഇവര്‍ക്ക് ഇന്നലെ പരിശീലനം നല്‍കി. പരിശീലനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. അംഗങ്ങളുടെ ഉത്തരവാദിത്ത ബോധം, അപകടത്തില്‍ പെട്ടവരോടുള്ള സമീപനം, ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, നിയമ സംരക്ഷണം, അപകടത്തില്‍പ്പെട്ടവര്‍ക്ക് പരിഗണന നല്‍കേണ്ട രീതി തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."