ബദരിനാഥിലെ ഹിമപാതം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്കായി തിരച്ചില്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരിനാഥിന് സമീപം മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികളിലൊരാള്‍ മരിച്ചു. ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെടുത്തിയ എല്ലാ തൊഴിലാളികളും മനയിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ക്യാമ്പില്‍ ചികിത്സയിലാണ്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഇന്നലെ രാവിലെ ഏഴു മണിയോടെ ചമോലി ജില്ലയിലെ ഇന്ദോ-ടിബറ്റന്‍ അതിര്‍ത്തിമേഖലയിലുള്ള മാന ഗ്രാമത്തിലാണ് അപകടമുണ്ടായത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ റോഡ് നിര്‍മാണത്തിനായി എത്തിയ 57 തൊഴിലാളികളാണ് മഞ്ഞുമലയ്ക്കുള്ളില്‍ അകപ്പെട്ടത്.
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ്, ദുരന്ത നിവാരണ സേന, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 13,000 അടി ഉയരത്തിലാണ് മന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചമേലി, ഉത്തരകാശി, രുദ്രപ്രയാഗ്, പിത്തോറഗഡ്, ബാഗേശ്വര്‍ എന്നീ ജില്ലകളില്‍ ഹിമപാത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."