തളിപ്പറമ്പ്-പരിയാരം ദേശീയപാതയെന്ന ചോരക്കളം
തളിപ്പറമ്പ്: അപകടങ്ങളുടെ ഇഷ്ടകേന്ദ്രമായി തളിപ്പറമ്പ്-പരിയാരം ദേശീയപാത. കുപ്പം മുതല്‍ ഏഴിലോട് വരെ 19 കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത കടന്നുപോകുന്ന പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2016 ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെയുണ്ടായ പ്രധാനപ്പെട്ട വാഹനാപകടങ്ങളുടെ എണ്ണം 44, ഇതില്‍ മരണം 12, ഗുരുതരമായി പരുക്കേറ്റ് എഴുന്നേല്‍ക്കാന്‍ പോലുമാവാതെ കിടപ്പിലായവരുടെ എണ്ണം 66. ശരാശരി ഒരുമാസം 15 വാഹനാപകടങ്ങളാണ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടാകുന്നതെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എന്‍ മനോജ് പറയുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ അപകടത്തില്‍ വിളയാങ്കോട്ടെ വ്യാപാരി ആന്റണി മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് ഇന്നലെ മെഡിക്കല്‍ കോളജിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉടുപ്പി സ്വദേശി നാഗരാജ് കൂടി മരണപ്പെട്ടതോടെ വാഹനയാത്രക്കാരുടെ പേടി സ്വപ്‌നമായി ഈ പാത മാറി.
ചിറവക്കിനും പരിയാരത്തിനും ഇടയിലുള്ളത് 20ലേറെ അപകട വളവുകളാണ്. ഇവിടെയെല്ലാം ആളുകളുടെ ജീവനെടുത്ത നിരവധി അപകടങ്ങളുമുണ്ടായിട്ടുണ്ട്. റോഡരികിലെ ഗര്‍ത്തങ്ങളിലേക്ക് വീണ ടാങ്കര്‍ ലോറികളും വാഹനങ്ങളുമാണെങ്കില്‍ നിരവധി.
അപകടത്തില്‍പെടുന്നത് കൂടുതലും ചെറു വാഹനങ്ങളാണ്. പരിയാരം ദേശീയപാതയിലൂടെ യാത്രക്കാരുടെ ചോര ഒഴുകിക്കൊണ്ടിരിക്കുമ്പോഴും പുതിയ പാതകളെക്കുറിച്ച് തലങ്ങും വിലങ്ങും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതേയുളളു.
വാഹനപെരുപ്പത്തിനനുസരിച്ച് ദേശീയപാത വികസിപ്പിക്കുന്നതിന് മാധ്യമങ്ങളും നാട്ടുകാരും മുറവിളി കൂട്ടിക്കൊണ്ടിരിക്കുമ്പോഴും അധികൃതര്‍ നിസംഗതരായി പറയുന്നത് ബൈപ്പാസ് വരുന്നതോടെ എല്ലാം ശരിയാവും എന്നു മാത്രമാണ്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി സര്‍ക്കാറുകള്‍ ബൈപ്പാസിനേക്കുറിച്ച് പറഞ്ഞ് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്.
ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിലും അധികാരികള്‍ ഈ പല്ലവി ആവര്‍ത്തിച്ചു.
ചുടലയില്‍ നിന്നു കുറ്റിക്കോലിലേക്കുള്ള ബൈപ്പാസിനേക്കുറിച്ചാണ് ആദ്യം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ പറയുന്നത് കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസിനേക്കുറിച്ചാണ്. ബൈപ്പാസ് വരുമെന്ന് മോഹിപ്പിച്ച് നാട്ടുകാരെ വഞ്ചിക്കുന്ന ദേശീയപാത അധികൃതര്‍ക്ക് തളിപ്പറമ്പ് മുതല്‍ പരിയാരം വരെയുള്ള ദേശീയപാതയുടെ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാവുന്നതേയുള്ളൂ.
തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടില്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യത്തിലേറെ സ്ഥലം ഗവണ്‍മെന്റിന്റെ കൈയിലുണ്ടെന്നിരിക്കെ എന്തുകൊണ്ട് പാത വികസിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഏറ്റവും കൂടുതല്‍ വാഹനാപകടമുണ്ടാകുന്ന പൊലിസ് സ്റ്റേഷന്‍ എന്ന ഖ്യാതി നേടിയതിന്റെ ഉപഹാരമായി ഹൈവേ പൊലിസിന്റെ ജില്ലയിലെ ഏക ആംബുലന്‍സ് പരിയാരം സ്റ്റേഷന് തന്നെ നല്‍കിയതാണ് ഈ വിഷയത്തില്‍ അധികൃതരുടെ ആകെയുളള ഇടപെടല്‍. റോഡിലെ രക്തക്കുരുതിക്ക് പരിഹാരം ആംബുലന്‍സാണോ എന്ന് മാത്രം ആരും ചോദിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."