വ്യാപാരിയുടെ ദുരൂഹ മരണം: പൊലിസ് ഇരുട്ടില്‍ തപ്പുകയാണെന്ന് ബന്ധുക്കള്‍
എടവണ്ണ: വ്യാപാരിയുടെ ദുരൂഹ മരണത്തില്‍ പൊലിസ് ഇരുട്ടില്‍ തപ്പുകയാണന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മെയ് ഒന്നിനാണ് എടവണ്ണയിലെ പ്രമുഖ ബിസിനസുകാരനായ ചെരുമണ്ണിലെ കല്ലുവെട്ടികഴിയില്‍ അബ്ദുള്‍ ഗഫൂര്‍ എന്ന കുഞ്ഞിപ്പ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. തിരുവാലി കോഴിപറമ്പിലെ സ്വന്തം ഫാമില്‍ കുഴഞ്ഞു വീണ ഗഫൂറിനെ സുഹൃത്തുക്കളാണ് മഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചതെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഫാമില്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നതായും ഗഫൂറിന്റെ തലക്കു പിന്നിലെ മുറിവ് ചൂണ്ടിക്കാട്ടിയും മരണത്തില്‍ ദുരൂഹതയുണ്ടന്നും കാണിച്ച് ബന്ധുക്കള്‍ പൊലിസിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഫാമില്‍ കൂടെയുണ്ടായിരുന്ന പത്തപ്പിരിയത്തെ എ. അബ്ദുസലാമിനെ പ്രതിചേര്‍ത്ത് മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് വണ്ടൂര്‍ സി.ഐ.സാജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ജില്ലാ കോടതി തള്ളിയതോടെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി .ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും മറ്റും തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സലാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ജസ്റ്റിസ് പി. ഉബൈദാണ് ജാമ്യാപേക്ഷ തള്ളി ഉത്തരവിറക്കിയത്. അതേ സമയം സംഭവം നടന്ന് നാലുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലന്നും ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ പ്രതിയെ ഉടന്‍ പിടികൂടണമെന്ന് സഹോദരങ്ങളായ മജീബ് റഹ്മാന്‍, അയ്യൂബ് ഖാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."