സബ് എന്‍ജിനീയര്‍ ഉപരി പഠനത്തിനായി അവധിയില്‍: വാട്ടര്‍ അതോറിട്ടി സബ് ഓഫിസ് നാഥനില്ലാ കളരി
തുറവൂര്‍: വാട്ടര്‍ അതോറിട്ടി സബ് ഓഫിസ് നാഥനില്ല കളരിയായതോടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. വാട്ടര്‍ അതോറിട്ടിയുടെ തുറവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓഫിസിന്റെ പ്രവര്‍ത്തനമാണ് സബ് എന്‍ജിനീയറുടെ അഭാവത്തില്‍ താളംതെറ്റുന്നത്.
ഉന്നത ഉദ്യോഗസ്ഥന്‍ ഉപരിപഠനത്തിന് പോയതോടെയാണ് മര്‍മപ്രധാന തസ്തികയില്‍ ആളില്ലാതായത്. മാസങ്ങള്‍ കഴിഞ്ഞിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താത്തതാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കുന്നത്. താലൂക്കിന്റെ വടക്കന്‍ മേഖലയിലെ ജനങ്ങളുടെ സൗകര്യാര്‍ഥമാണ് ഇവിടെ സബ് ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട് തുറവൂര്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പതിനായിരത്തിലധികം ഗുണഭോക്താക്കളാണ് ഓഫിസിനു കീഴില്‍ വരുന്നത്. ചേര്‍ത്തലയിലെ ഓഫിസര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഇത് രണ്ട് ഓഫിസുകളുടേയും പ്രവര്‍ത്തനം താളം തെറ്റുന്നതിന് ഇടയാക്കുകയാണെന്നാണ് ആക്ഷേപം. പുതിയ കണക്ഷനുകള്‍ നല്‍കാനോ അറ്റകുറ്റപ്പണികള്‍
നടത്താനോ കഴിയാത്ത സ്ഥിതിയാണ്. ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഗുണഭോക്താക്കള്‍ക്ക് വാട്ടര്‍ ബില്ലടയ്ക്കാനുള്ള സംവിധാനം പോലും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. അരൂര്‍ മുതല്‍ പട്ടണക്കാട് വരെയുള്ള ആറ് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ വെള്ളക്കരം അടയ്ക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി ചേര്‍ത്തലയിലെ ഓഫിസില്‍ എത്തേണ്ട ദുരവസ്ഥയാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് തുറവൂര്‍ പഞ്ചായത്ത് ഓഫിസ് അങ്കണത്തില്‍ വാട്ടര്‍ അതോറിട്ടി ഓഫിസ് തുറന്നത്. വാട്ടര്‍ അതോറിട്ടി ഓഫിസ് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വാടക ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പഞ്ചായത്തുമായി ഉണ്ടായ തര്‍ക്കം വിവാദമായിരുന്നു. പഞ്ചായത്തിന് ലഭിക്കുന്ന വരുമാനം പോലും ഉപേക്ഷിച്ചാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് സൗകര്യമൊരുക്കിയത്. ഓഫിസ് നിലനിറുത്തുന്നതിന് ആവശ്യമായ സാഹചര്യമൊരുക്കിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സ്ഥാപനത്തിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."