ഗവർണറെ തടഞ്ഞ എസ്.എഫ്.ഐ നേതാവിന് ഓപൺ സർവകലാശാല സിൻഡിക്കേറ്റ് പദവി ; വിദേശ വിദ്യാർഥി ഏജൻസി ഡയറക്ടർക്കും നിയമനം
തിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ പ്രതിയായ എസ്.എഫ്.ഐ നേതാവിന് ശ്രീ നാരായണഗുരു ഓപൺ സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി നിയമനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ എം.എ വിദ്യാർഥിയായ എസ്.കെ. ആദർശിനെയാണ് നാല് വർഷത്തേക്ക് സിൻഡിക്കേറ്റിലേക്ക് നാമനിർദേശം ചെയ്തത്.
നിലവിൽ എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായ ആദർശ്, ഓപൺ സർവകലാശാലയിൽ വിദ്യാർഥി കൂടിയാണ്. വിദ്യാർഥി പ്രതിനിധി ഓപൺ സർവകലാശാലയിലെ വിദ്യാർഥിയായിരിക്കണമെന്ന മാനദണ്ഡം പാലിക്കാൻ, യൂനിവേഴ്സിറ്റി കോളജിൽ നിന്ന് ടി.സി വാങ്ങി, തിരുവനന്തപുരം തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളജ് ലേണേഴ്സ് സപ്പോർട്ട് സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് നാമനിർദേശം നടത്തിയത്.
അതേസമയം, വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികളെ അയക്കുന്ന പ്രമുഖ ഏജൻസിയുടെ ഡയറക്ടറായ ഡോ. റെനി സെബാസ്റ്റ്യനെയും സർക്കാർ വീണ്ടും നാല് വർഷത്തേക്ക് സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്തു. സംസ്ഥാനത്തെ, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കിമാറ്റുന്നതിനും വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പലായനം ചെയ്യുന്നത് തടയുന്നതിനും വേണ്ടി സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് ആരംഭിക്കാൻ നിയമം പാസാക്കിയ സർക്കാരാണ് ഇവിടെ നിന്നും വിദ്യാർഥികളെ വിദേശത്തേക്ക് കയറ്റി അയക്കുന്ന ഏജൻസിയുടെ ഡയറക്ടർക്ക് സിൻഡിക്കേറ്റ് അംഗത്വം വീണ്ടും നൽകിയിരിക്കുന്നത്.
ഈ നാമനിർദേശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം സമർപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."